കണ്ണൂർ: ആധുനിക കൃഷിരീതികൾ പഠിക്കാൻ സംസ്ഥാനത്ത് നിന്നും ഇസ്രായേലിലെക്ക് പോയ കർഷക സംഘത്തിൽ നിന്ന് ബിജു കുര്യൻ എന്ന കർഷകനെ കാണാതായിരുന്നു. സംഘം തിരിച്ചുവരുന്നതിന്റെ തൊട്ടുതലേന്നാണ് ഇയാളെ കാണാതായതെന്നും വളരെ ആസൂത്രണമായാണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്നും സഹയാത്രികർ പറയുന്നു.
ഇസ്രായേലിൽ ശുചീകരണ ജോലിക്ക് പോലും ദിവസം 15,000 രൂപ ലഭിക്കും. കൃഷി ചെയ്യുന്നവർക്ക് നമ്മുടെ നാട്ടിലെ കൂലിയുടെ ഇരട്ടിയാണ് അവിടെയെന്നും ഒപ്പമുള്ളവരോട് ബിജു പറഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ് വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്നാണ് സഹയാത്രികനായ സുജിത് പറയുന്നത്. ഇസ്രായേലിൽ തങ്ങുക എന്ന ലക്ഷ്യത്തോടെ തന്നെ മുന്നൊരുക്കത്തോടെയാണ് ബിജു സംഘത്തിനൊപ്പം ചേർന്നതെന്നാണ് അധികൃതരുടെ നിഗമനം.
ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റിന്റെ തുക സ്വന്തമായി മുടക്കിയാണ് ബിജു സംഘത്തോടൊപ്പം കൂടിയത്. യാത്രക്കിടയിലും സന്ദർശനത്തിനിടയിലും ഇയാൾ അവിടുത്തെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നും കൂടെയുണ്ടായിരുന്നവർ പറഞ്ഞു. പായം കൃഷി ഓഫിസിലാണ് ബിജു അപേക്ഷ നൽകിയത്. ഒന്നാന്തരം കർഷകനായ ബിജുവിന്റെ കൃഷിയിടം കൃഷി ഓഫിസർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇയാളെ തെരഞ്ഞെടുത്തത്. പരിശോധനകൾക്ക് ശേഷം യോഗ്യത ഉറപ്പുവരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തതെന്ന് കൃഷി ഓഫിസറും പറയുന്നു.
ആധുനിക കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിൽ 27 കർഷകരാണ് ഇസ്രായേലിലേക്ക് പോയത്. ഇസ്രായേലിൽ പോയ 26 പേരടങ്ങുന്ന കർഷകരുടെ സംഘം കൊച്ചിയിൽ തിരിച്ചെത്തിയിരുന്നു. സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്നും തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയതെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയെന്നും സംഘാംഗങ്ങൾ പറഞ്ഞു.
തന്നെ കാണാതായെന്ന വാർത്തയെ തുടർന്ന് വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ഇയാൾ അറിയിച്ചിരുന്നു. ബിജു കുര്യനില്ലാതെയാണ് കർഷക സംഘം മടങ്ങിയത്. ഇയാളുടെ വിസയ്‌ക്ക് മെയ് 8 വരെ കാലാവധിയുണ്ടെങ്കിലും സംഘത്തിൽ നിന്ന് മുങ്ങിയതിനെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കും. ഇസ്രായേൽ പൊലീസിലും എംബസിയിലും സംഘത്തെ നയിച്ച ബി അശോക് പരാതി നൽകി. ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നും എംബസിയിലും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
Comments