ശതാഭിഷേക ദിനത്തിൽ സ്നേഹാദരങ്ങളേറ്റു വാങ്ങി പിഇബി മേനോൻ

Published by
Janam Web Desk

ആലുവ: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി മേനോൻ ശതാഭിഷേക നിറവിൽ. ആലുവ ചൊവ്വര മാതൃഛായ ബാലഭവനിൽ ശതാഭിഷേക ആഘോഷങ്ങൾ നടന്നു. ആത്മീയ ആചാര്യൻമാർ മുതിർന്ന ആർഎസ്എസ് കാര്യകർത്താക്കൾ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചുമതലക്കാർ പൊതു സമൂഹത്തിലെ പ്രമുഖർ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ളവർ ശതാഭിഷേക ആഘോഷചടങ്ങിൽ പങ്കെടുത്ത് പി ഇ ബി മേനോന് ആദരവ് അർപ്പിച്ചു.

മുൻ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന അദ്ദേഹം ആർഎസ്എസ് പ്രാന്ത സംഘചാലക്, സേവാഭാരതി ദേശീയ ഉപാദ്ധ്യക്ഷൻ തുടങ്ങിയ പ്രധാനപ്പെട്ട ചുമതലകൾ നിർവഹിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ സമാജ സേവന പ്രവർത്തനങ്ങളിൽ ഉറച്ച പിന്തുണയോടെ സഹധർമ്മിണി വിജയ ലക്ഷ്മി കൂടെയുണ്ടായിരുന്നു. ഇന്ന് നിരവധി സമാജ സേവന പ്രവർത്തനങ്ങൾ നടത്തുവന്ന ഗ്രാമസേവാ സമിതി തുടങ്ങിയത് പി ഇ ബി മേനോൻ ആണ്. അദ്ദേഹത്തിന്റെ ശതാഭിഷേകവുമായി ബന്ധപ്പെട്ട് നിർദ്ധനർക്ക് വീട് വെച്ചു നൽകുക സ്‌കൂളുകളുടെ നവീകരണം ആലുവ ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണ വിതരണം ഉൾപ്പെടെയുളള വിവിധ പരിപാടികൾ സംഘ പരിവാർ സംഘടിപ്പിച്ചിട്ടുണ്ട് . നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽ ദാനം നടന്നു.

റിട്ടയേർഡ് ജഡ്ജി സുന്ദരം ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ചിദാനന്ദപുരി, പദ്മശ്രീ എം.കെ കുഞ്ഞോൽ, ആർഎസ്എസ് പ്രാന്ത സംഘചാലക് കെ.കെ ബലറാം, മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ, സ്വാമി അനഘാമൃതാനന്ദപുരി, സ്വാമി ബ്രഹ്‌മപരമാനന്ദ, സ്വാമി പുരന്ദരാനന്ദ, സ്വാമി ഗരുഡധ്വജാനന്ദ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണവും ആശംസകളും അർപ്പിച്ചു. എല്ലാ മേഖലകളേയും സമന്വയിപ്പിച്ചുകൊണ്ടുപോവുക എന്നപിഇബി മേനോന്റെ പ്രവർത്തന രീതി ഓരോ പ്രവർത്തകനും മാതൃകയാക്കണമെന്നു കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.”ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിൽ ഔദ്യോഗിക ജീവിതത്തിലും വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ച വ്യക്തി. ഈ അസാധാരണത്വം അദ്ദേഹത്തിന്റെ ഗുരു പരമ്പരകളുടെ അനുഗ്രഹമാണ്'”ചിദാനന്ദപുരി കൂട്ടിച്ചേർത്തു .സംഘപ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പത്‌നിയും കുടുംബവും നൽകിയ പിന്തുണയെക്കുറിച്ചു പങ്കെടുത്തവർ എടുത്ത് പറഞ്ഞു.

തനിക്കു ലഭിച്ച സ്നേഹത്തിനു പിഇബി മേനോൻ തന്റെ മറുപടി പ്രസംഗത്തിൽ ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞു. സമ്മേളനത്തിന് ശേഷം ശിവകുമാർ അമൃതകല സോപാന സംഗീതമവതരിപ്പിച്ചു .ശ്രീലത ജയചന്ദ്രന്റെ സംഗീതാർച്ചനയുമുണ്ടായിരുന്നു. പിറന്നാൾ സദ്യ ശതാഭിഷേക ആഘോഷ ചടങ്ങിനു മാറ്റ് കൂട്ടി .

Share
Leave a Comment