ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ന് ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ കൂടുതൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പരാമർശിച്ചു. പത്ത് വർഷം മുമ്പുള്ള മുൻഗാമികളേക്കാൾ വിശ്വാസയോഗ്യമായ തരത്തിലാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം സുഗമമാക്കുന്നത് വിദേശനയത്തിലെ വലിയ മാറ്റങ്ങളിലൊന്നാണ്. പത്ത് വർഷത്തിനുള്ളിൽ മാറ്റം വരുത്തിയ മൂന്ന് നയങ്ങളെ ഉദാഹരണമായി നിരത്താൻ ആവശ്യപ്പെട്ടാൽ ഗൾഫുമായുള്ള മാറിയ ബന്ധം അതിലുണ്ടാകുമെന്ന് ജയശങ്കർ വ്യക്തമാക്കി. ഗൾഫുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ പ്രധാനമന്ത്രിയാണ് കൂടുതൽ പ്രയത്‌നിച്ചതെന്നും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യയും യുഎഇയും കഴിഞ്ഞ വർഷം ചരിത്രപ്രാധാന്യമുള്ള സമഗ്ര സാമ്പത്തിക കരാറിൽ ഒപ്പുവച്ചിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ കുതിച്ചുയരുകയാണെന്നും മികച്ച രീതിയിലുള്ള സഹകരണത്താൽ വിവിധ രാജ്യങ്ങളുമായി പങ്കാളിത്തത്തിൽ തുടരുവാനും സാധിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയാണോ അതോ മുമ്പ് ഭരിച്ച ഭരണാധികരികളെയാണോ ഇഷ്ടമെന്ന് ഗൾഫ് രാജ്യങ്ങളിലെത്തി ചോദിക്കുകയാണെങ്കിൽ അവർ പ്രധാനമന്ത്രിയുടെ പേരായിരിക്കും പറയുകയെന്ന് ജയശങ്കർ പറഞ്ഞു. അദ്ദേഹം കാര്യഗൗരവുമുള്ള മനുഷ്യനാണെന്ന് ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് അറിയാമെന്നും അദ്ദേഹം വളരെ നന്നായി വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചു മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments