ന്യൂഡൽഹി: യുദ്ധം സൃഷ്ടിച്ച രാഷ്ട്രീയ സഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ക്രൂഡ് ഓയിലിന് പിന്നാലെ അസംസ്കൃത സ്റ്റീലും റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യ. 281,000 ടൺ അസംസ്കൃത സ്റ്റീലാണ് നടത്തിപ്പ് സാമ്പത്തിക വർഷം റഷ്യയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്. 2022 ഏപ്രിൽ മുതൽ 2023 ജനുവരിവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
റഷ്യക്കുമേൽ ഉപരോധം ഏർപ്പടുത്തിയതിന് ശേഷം ഏഷ്യയിലേക്കുള്ള സ്റ്റീൽ ഇറക്കുമതി വർദ്ധിച്ചിരുന്നു. അസംസ്കൃത സ്റ്റീൽ ഉത്പാദനത്തിൽ ലോകത്തിലെ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. നിലവിലെ വിലയിൽ നിന്നും 22 ശതമാനത്തോളം വിലകുറച്ചാണ് റഷ്യയിൽ നിന്നും സ്റ്റീൽ ഇന്ത്യയിലെത്തുന്നത്. ഇത് സ്റ്റീൽ ഉപകരണങ്ങളുടെ ഉത്പാദനത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നതിൽ 72 ശതമാനവും ഹോട്ട് റോൾഡ് കോയിൽ രൂപത്തിലാണ്. ഇതോടെ എട്ട് വർഷത്തിന് ശേഷം ഇന്ത്യയിലേക്കുള്ള എച്ച്ആർസി ഇറക്കുമതിയിൽ റഷ്യ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ്. ജപ്പാനായിരുന്നു കഴിഞ്ഞ എട്ടുവർഷമായി ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്.
ഇന്ത്യയുടെ സ്റ്റെയിൻലെസ് സ്റ്റീൽ ഉപഭോക്താക്കളിൽ പ്രധാനിയാണ് റഷ്യ. എച്ച്ആർസിയുടെ ഇറക്കുമതിയിലുണ്ടായിരിക്കുന്ന വർദ്ധനവ് ഇന്ത്യൻ സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മാണത്തിലും കയറ്റുമതിയിലും നേട്ടമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Comments