ചെന്നൈ : പോലീസുകാരെ കുത്തി വീഴ്ത്തി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി വനിതാ എസ് ഐ . ചെന്നൈ നഗരത്തിലെ അയനാവരത്തിന് സമീപം കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ബെന്ദു സൂര്യ എന്ന പ്രതിയെയാണ് വനിതാ സബ് ഇൻസ്‌പെക്ടർ മീന വെടിവച്ച് വീഴ്‌ത്തിയത് .
ആയനാവരത്ത് വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന സബ് ഇൻസ്‌പെക്ടർ ശങ്കറിനെ തിങ്കളാഴ്ച സൂര്യയും കൂട്ടാളികളും ഇരുമ്പ് ദണ്ഡ് കൊണ്ട് മർദ്ദിച്ചിരുന്നു . കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സൂര്യ ഒളിവിൽ പോയി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവള്ളൂർ ജില്ലയിലെ മൂത്ത സഹോദരിയുടെ വീട്ടിൽ നിന്ന് സൂര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലേക്ക് കൊണ്ടുപോകന്നതിനിടെ തനിക്ക് അസ്വസ്ഥത തോന്നുന്നുവെന്നും വാഹനം നിർത്താനും സൂര്യ ആവശ്യപ്പെട്ടു . ന്യൂ ആവഡി റോഡിൽ പോലീസ് സംഘം വാഹനം നിർത്തി . എന്നാൽ, ഇറങ്ങിയ ഉടൻ തന്നെ പാതയോരത്തെ ജ്യൂസ് വണ്ടിയിൽ നിന്ന് എടുത്ത കത്തി ഉപയോഗിച്ച് സൂര്യ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു
ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു . ഇതിനിടെ, എസ് ഐ മീന ആകാശത്തേക്ക് വെടിയുതിർത്തു, കത്തി താഴെയിട്ട് കീഴടങ്ങാൻ സൂര്യയോട് മുന്നറിയിപ്പ് നൽകി. എന്നാൽ സൂര്യ ഇത് അവഗണിച്ച് വീണ്ടും പോലീസുകാരെ അക്രമിക്കാൻ തുടങ്ങിയതോടെ മീന സൂര്യയെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു . സൂര്യയ്‌ക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട് . പ്രതിയെ അതിസാഹസികമായി പിടികൂടിയ മീനയ്‌ക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ .
സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാൾ, അഡീഷണൽ പോലീസ് കമ്മീഷണർ പ്രേം ആനന്ദ് സിൻഹ എന്നിവർ പരിക്കേറ്റ് കിൽപ്പോക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോലീസുകാരെ സന്ദർശിച്ചു. പ്രതിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
















Comments