ആഗോള തലത്തിൽ ഉയർന്നു വരുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഇന്ത്യയിലൂടെ സാധിക്കുമെന്ന് മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ‘ഗേറ്റ്‌സ് നോട്ട്’ എന്ന ബ്ലോഗിലൂടെയാണ് ഇന്ത്യയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവെച്ചത്. ആഗോള തലത്തിൽ ഏത് രാജ്യത്തിനും സധൈര്യം ആശ്രയിക്കാവുന്ന രാജ്യമായി ഇന്ത്യ മാറി. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, ആരോഗ്യം എന്നീ മേഖലകളിൽ രാജ്യം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ബിൽഗേറ്റ്‌സ് ഫൗണ്ടേഷൻ ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളും ബ്ലോഗിൽ വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിൽ ഗേറ്റിസിന്റെ ബ്ലോഗ് പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത റൊട്ടാ വൈറസ് വാക്‌സിൻ ഇതിന് ഉദാഹരണമാണ്. ശിശുമരണ നിരക്ക് ഏറ്റവും കൂടുതൽ റൊട്ടാ വൈറസ് പരത്തുന്ന അതിസാരം മൂലമാണ്. ഇതിനെതിരെ കുറഞ്ഞ സമത്തിനുള്ളിൽ വാക്‌സിൻ വികസിപ്പിക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് സാധിച്ചു. മറ്റ് രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാക്‌സിൻ ലഭ്യമാക്കാനും ഇന്ത്യയ്‌ക്ക് സാധിക്കുന്നുണ്ട്. ദ്രുതഗതിയിലാണ് വാക്‌സിൻ നിർമ്മാണ കേന്ദ്രങ്ങളും വിതരണ ശ്രംഖലയും ഇന്ത്യ ഒരുക്കിയത്. ബിൽ ഗേറ്റസ് ഫൗണ്ടേഷൻ ദൗത്യത്തിൽ പങ്കു ചേർന്ന കാര്യവും ബിൽ ഗേറ്റ്‌സ് സൂചിപ്പിക്കുന്നുണ്ട്. 2021 -ഓടെ ഒരു വയസ്സിൽ താഴെയുള്ള 83 ശതമാനം കുഞ്ഞുങ്ങൾക്കും വാക്‌സിൻ നൽകാൻ സാധിച്ചതിലൂടെ അഭിമാനർഹമായ നേട്ടമാണ് ഇന്ത്യ കൈവരിച്ചത്.
രാജ്യത്തിന്റെ കാർഷിക മേഖലയിൽ കൈവരിച്ച നേട്ടങ്ങളും ബ്ലോഗിൽ എടുത്ത് പറയുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം, പട്ടിണി എന്നി പ്രതിസന്ധികൾക്ക് ശാശ്വത
പരിഹാരം കാണാൻ ലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ( ഐഎആർഐ) ശാസ്ത്രജ്ഞൻമാരിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഗേറ്റസ് വ്യക്തമാക്കുന്നു. വരൾച്ചയെ അതിജീവിക്കുന്ന അത്യുത്പാദന ശേഷിയുള്ള വെള്ളക്കടല വികസിപ്പിക്കാൻ ഗവേഷണ കേന്ദ്രത്തിന് സാധിച്ചു. ആഗോള താപനം മൂലം കാർഷിക ഉത്പാദനം കുത്തനെ ഇടിയുന്ന കാലത്ത് പുതിയ കണ്ടെത്തലുകൾ ലോകത്തിന് പുത്തൻ ദിശാബോധമാണ് നൽകുന്നതെന്ന് അദ്ദേഹം പറയുന്നു.
കുറഞ്ഞ കാലേയളവിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ടു നിരത്തുന്നുണ്ട് ഗേറ്റസ് തന്റെ ബ്ലോഗിൽ. പോളിയോ നിർമ്മാർജ്ജന യജ്ഞം, എച്ച്‌ഐവി എന്നീ മേഖലകളിൽ ആസൂത്രിതമായ പ്രവർത്തനമാണ് ഫലം കണ്ടത്. ദാരിദ്ര നിർമ്മാർജ്ജനം, മാലിന്യസംസ്‌ക്കരണം, വ്യക്തി ശുചിത്വം എന്നീ രംഗങ്ങളിൽ മികച്ച പുരോഗതിയാണ് രാജ്യം നേടിയെടുത്തത്. നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ഇന്ത്യ നിലവിലെ നേട്ടങ്ങളിലേക്ക് എത്തിച്ചേർന്നത്.
ആഗോള താപനത്തിനൊപ്പം ജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളിലൂടെ ഭൂമിയുടെ ആരോഗ്യം വീണ്ടെടുക്കാൻ ഇന്ത്യയുമായി കൈകോർത്ത് പ്രവർത്തിക്കണമെന്ന് ബിൽ ഗേറ്റ്‌സ് ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. വരുന്ന ആഴ്ചയിൽ ഇന്ത്യയിൽ എത്തുന്ന ഗേറ്റ്‌സ്, സംരംഭകരുമായും ശാസ്ത്രജ്ഞരുമായും സംവദിക്കും. സന്ദർശ വേളയിൽ ‘ബ്രേക്ക് ത്രൂ എനർജി’ പ്രതിനിധി വൈദ്യുത് മോഹനുമായി കൂടിക്കാഴ്ച നടത്തുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക മാലിന്യങ്ങളിൽ നിന്നും ജൈവ ഇന്ധനം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബ്രേക്ക് ത്രൂ എനർജി.
















Comments