ബെംഗളൂരു: ബസിൽ സഹയാത്രികയുടെ സീറ്റിലേക്ക് യുവാവ് മൂത്രമൊഴിച്ചെന്ന് പരാതി. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിലാണ് ആരോപണത്തിനാസ്പദമായ സംഭവമുണ്ടായത്. ഹുബ്ബാലി ജില്ലയിലെ കിരെസൂരു ധാബയിൽ വച്ച് 30-കാരനായ യുവാവ് സീറ്റിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു.
വിയജപുരയിൽ നിന്ന് മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ നോൺ എസി ബസിലായിരുന്നു സംഭവം. അത്താഴത്തിന് സമയമായപ്പോൾ മേഖലയിലെ ഒരു ധാബയ്‌ക്ക് സമീപം ബസ് നിർത്തി. എല്ലാ യാത്രക്കാരും ഭക്ഷണം കഴിക്കാനായി ബസിൽ നിന്നിറങ്ങി. എന്നാൽ യുവാവ് ബസിൽ തന്നെയിരിക്കുകയും തൊട്ടടുത്ത സീറ്റിലേക്ക് മൂത്രമൊഴിക്കുകയുമായിരുന്നു.
ഭക്ഷണം കഴിച്ച് വന്ന യുവതി തന്റെ സീറ്റിലിരിക്കാൻ നോക്കിയപ്പോൾ അവിടെ മൂത്രം കാണുകയും കണ്ടക്ടറെയും ഡ്രൈവറെയും വിവരമറിയിക്കുകയും ചെയ്തു. കുടിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പ്രതിയെന്നാണ് ആരോപണം. യുവാവിനെ ബസിൽ നിന്ന് പുറത്താക്കണമെന്ന് സഹയാത്രക്കാർ എല്ലാവരും ആവശ്യപ്പെടുകയും ബസ് ജീവനക്കാർ അപ്രകാരം നീങ്ങുകയും ചെയ്തു. യുവതിക്ക് മറ്റൊരു സീറ്റ് അനുവദിച്ചു. എന്നാൽ പോലീസിൽ പരാതിപ്പെടാൻ തയ്യാറല്ലെന്നാണ് യുവതിയുടെ നിലപാട്.
Comments