മുംബൈ: പുതിയ വിവാഹ ജീവിതത്തിലേക്ക് കടന്നതിന് പിന്നാലെ വാർത്തകളിൽ എപ്പോഴും ഇടംപിടിക്കുന്ന നടിയാണ് രാഖി സാവന്ത്. ആദിൽ ദുരാനിയെ വിവാഹം ചെയ്തതിന് ശേഷം നടിയനുഭവിച്ച യാതനകൾ ഏറെ ചർച്ചയാവുകയും പോലീസിന് സമീപിച്ചതോടെ ഭർത്താവ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ജനുവരിയിൽ വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ ദാമ്പത്യ ജീവിതം തകിടം മറിയുകയും ഭരത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ആദിലിന്റെ കുടുംബത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് നടി.
താനൊരു ഹിന്ദുവായതിനാൽ ആദിലിനെ വിവാഹം കഴിക്കുന്നതിൽ അയാളുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നുവെന്ന് രാഖി സാവന്ത് വെളിപ്പെടുത്തി. ഹിന്ദുവായി തന്നെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആദിലിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇസ്ലാമിലേക്ക് മതം മാറിയത്. വിവാഹം കഴിഞ്ഞപ്പോൾ ആദിൽ തന്നെ പലതവണ ഭീഷണിപ്പെടുത്തി. തലാഖ് ചൊല്ലുമെന്നായിരുന്നു (ബന്ധം വേർപ്പെടുത്തുക) ഭീഷണി.
ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇഷ്ടപ്പെട്ടിരുന്നയാളാണ് ആദിൽ. തന്നെ വിവാഹം ചെയ്തത് പ്രശസ്തനാവാൻ വേണ്ടിയായിരുന്നു. അതുവഴി ഇൻഡസ്ട്രിയിലേക്ക് കടക്കാമെന്ന് ആദിൽ കരുതിയെന്നും രാഖി സാവന്ത് ആരോപിച്ചു.
നടിയുടെ പരാതി പ്രകാരം അറസ്റ്റിലായ ആദിൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ, ഇയാൾക്കെതിരെ ബലാത്സംഗ പരാതിയുമായി ഒരു വിദേശവനിത രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൈസൂരു പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
Comments