ന്യൂഡൽഹി : പുതിയ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച വിപ്രോയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ. സംഭവത്തെ തുടർന്ന് ഐടി ജീവനക്കാരുടെ യൂണിയനായ എൻ ഐ ടി ഇ എസിലൂടെ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. ഓഫർ ലെറ്ററിൽ നൽകിയ വ്യവസ്ഥകളും കരാറും ലംഘിച്ചതിനാണ് കർശന നടപടിയെടുക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. വിപ്രോയിലെ 4,000-ലധികം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
വിപ്രോയുടെ അപ്രതീക്ഷിത നീക്കം ജീവനക്കാരെ ചൂഷണം ചെയ്യുന്നതും തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്നതുമാണ്. കൂടാതെ ഇതിന് നടപടി സ്വീകരിക്കാത്ത പക്ഷം മറ്റ് ടെക് കമ്പനികളും അനുകരിക്കാൻ സാധ്യതയുണ്ടെന്നും എൻ ഐ ടി ഇ എസ് യൂണിയൻ പറഞ്ഞു. കമ്പനി കരാർ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ജീവനക്കാരുമായി യാതൊരുവിധ ധാരണയിലുമെത്താതെ ശമ്പളം വെട്ടിക്കുറക്കുകയുമായിരുന്നുവെന്ന് എൻ ഐ ടി ഇ എസ് പ്രസിഡന്റ് ഹർപ്രീത് സിംഗ് സലൂജ പറഞ്ഞു.
പ്രതിവർഷ വരുമാനം 6.5 ലക്ഷം രൂപയായിരുന്നു ജീവനക്കാർക്ക് കരാറിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് കമ്പനി പ്രതിവർഷ വരുമാനം 3.5 ലക്ഷം നൽകിയാൽ മതിയാകുമോ എന്ന് ചോദിക്കുകയായിരുന്നു. ഓൺബോർഡിംഗിന് കാത്തിരിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിലാണ് പ്രശ്നം നേരിട്ടിരിക്കുന്നത്.
Comments