ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് പവൻ ഖേര നിരുപാധികം മാപ്പ് പറഞ്ഞതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഷ്‌ട്രീയത്തിൽ ആരും സംസ്‌കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസം പോലീസ് നിയമനടപടി തുടരുമെന്ന് ഹിമന്ത സൂചിപ്പിച്ചു. ട്വീറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. പവൻ ഖേര മാപ്പ് പറഞ്ഞതിന്റെ രേഖകൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റിൽ പങ്കുവെയ്‌ക്കുകയും ചെയ്തു.
പൊതു ഇടങ്ങളുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് ഇനിമുതൽ ആരും സംസ്‌കാരശൂന്യമായ ഭാഷ രാഷ്‌ട്രീയ വ്യവഹാരങ്ങളിൽ ഉപയോഗിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.അസം പോലീസ് സ്വീകരിക്കുന്ന നിയമനടപടി അവസാനം വരെ പിന്തുടരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഇൻഡിഗോ വിമാനത്തിൽ നിന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് വക്താവ് പവൻ ഖേരയെ അസം പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എഐസിസി യോഗത്തിനായി കോൺഗ്രസ് നേതാക്കളുടെ സംഘത്തോടൊപ്പം റായ്പൂരിലേക്ക് പോകാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിനെതിരെ പവൻ ഖേര അധിക്ഷേപകരമായ പരാമർശമാണ് നടത്തിയത്. അദാനി വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് അധിക്ഷേപം. നരേന്ദ്ര ദാമോദർദാസ് മോദി എന്നതിന് പകരം നരേന്ദ്ര ഗൗതം ദാസ് എന്നാണ് ഖേര പറഞ്ഞത്. പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് സമീപം ഇരുന്നയാളോട് ഖേര ചോദിച്ചു. ദാമോദർദാസ് ആണെന്ന് മറുപടി ലഭിച്ചു. പേരിൽ ദാമോദർദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്റേതാണെന്ന് ഖേര പരിഹസിച്ചു.
സംഭവത്തിൽ അസമിലെ ഹഫ്‌ലോംഗ്, ദിമ ഹസാവോ ജില്ലയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഖേരയെ അസം പോലീസ് സംഘം ഡൽഹിയിലെത്തി അറസ്റ്റ് ചെയ്തത്. എന്നാൽ പവൻ ഖേരയ്‌ക്ക് ജാമ്യം കിട്ടി. അതേസമയം പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പവൻ ഖേരയ്‌ക്കെതിരേ യുപി പോലീസും കേസെടുത്തിരുന്നു. പരാമർശം ആക്ഷേപകരമാണെന്ന് കാട്ടി ലക്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
















Comments