തെന്നിന്ത്യയുടെ സൂപ്പർ ഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ സ്വപ്‌ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം. ആദ്യ പാർട്ട് ഇരുകൈയും നീട്ടിയാണ് പ്രക്ഷകർ സ്വീകരിച്ചത്. ഇപ്പോൾ മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 2’ കാത്തിരിക്കുകയാണ് പ്രക്ഷകർ. രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ ‘പൊന്നിയിൻ സെൽവൻ 2’ ഏപ്രിലിലെ റിലീസ് മാറ്റിവച്ചതായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ‘പൊന്നിയിൻ സെല്‍വനു’മായി ബന്ധപ്പെട്ട വൃത്തങ്ങള്‍.
സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. കൂടാതെ സിനിമയുടെ പ്രൊമോഷനായി ചില സവിശേഷമായ പ്ലാനുകൾ ഉണ്ട്. നിര്‍മാതാക്കള്‍ ഉടൻ സര്‍പ്രസ് പ്രഖ്യാപനവുമായി രംഗത്ത് വരും എന്നുമാണ് അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. അതിനാൽ ചിത്രം മാറ്റിവയ്‍ക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്.
ഈ ചരിത്ര സിനിമയിൽ വലിയ ഗ്രാഫിക് ഫ്രെയിമുകൾ ഉൾപ്പെട്ടിരിക്കുന്നു എന്നതും ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെ ചിത്രത്തിനായി നിർമ്മാതാക്കൾ നിയോഗിച്ചിട്ടുണ്ടെന്നതും എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ വൈകിയെന്നും പുതിയ റിലീസിനായി നിർമ്മാതാക്കൾ ലക്ഷ്യമിടുന്നുവെന്നുമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്ന വാർത്ത. എന്നിരുന്നാലും, മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 2’ പ്രഖ്യാപിച്ചതുപോലെ ഏപ്രിൽ 28 ന് റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷൻ ഹൗസുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.
തെന്നിന്ത്യയിൽ നിന്നും വലിയ താരനിരയാണ് അണിനിരക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത . വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.
Comments