സ്റ്റോക്ക്‌ഹോം: ആഗോളതലത്തിൽ 8,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെലികോം ഉപകരണ നിർമ്മാണ കമ്പനിയായ എറിക്‌സൺ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനി അറിയിച്ചത്. ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിലുള്ള രീതി വ്യത്യസ്തമായിരിക്കുമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ബോർജെ എഖോളം മെമ്മോയിൽ സൂചിപ്പിച്ചിരുന്നു.
മിക്ക രാജ്യങ്ങളിലും ഇതിനോടകം തന്നെ ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ലോകമെമ്പാടുമായി 1,05,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇതിൽ സ്വീഡനിലെ 1,400 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഏതെല്ലാം രാജ്യങ്ങളിലെ ജീവനക്കാരെയാകും പ്രതികൂലമായി ബാധിക്കുക എന്നത് സംബന്ധിച്ച് കമ്പനി അറിപ്പ് നൽകിയിട്ടില്ല. വടക്കേ അമേരിക്കയിലെ ജീവനക്കാരെ പിരിച്ചുവിടൽ അധികവും ബാധിക്കുമെന്നും ഇന്ത്യയിലെ ജീവനക്കാരെ സാരമായി ബാധിക്കില്ലെന്നും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വടക്കേ അമേരിക്ക ഉൾപ്പടെ ചില വിപണികളിൽ ഉപകരണങ്ങളുടെ ആവശ്യകത കുറയുന്നതിനാൽ 2023 അവസാനത്തോടെ കമ്പനിയുടെ ചെലവ് 880 ദശലക്ഷം ഡോളർ കുറയ്‌ക്കുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സൂചിപ്പിച്ചിരുന്നു. അപ്രതീക്ഷിത പിരിച്ചുവിടൽ പ്രഖ്യാപനം ജീവനക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
Comments