നർമ്മം നിറഞ്ഞ ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് ഇന്നേക്ക് 23 വർഷം പിന്നിടുകയാണ്. മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് എന്നു തന്നെ പറയാവുന്ന താരത്തെ വർഷങ്ങൾ പിന്നിട്ടിട്ടും മലയാളികൾ മറന്നിട്ടില്ല. മലയാള സിനിമയുടെ ചരിത്രത്തിൽ പപ്പുവിന്റേത് എക്കാലവും എഴുതപ്പെട്ട പേരുതന്നെയായിരിക്കും. അതുല്യ പ്രതിഭയുടെ ഓർമ്മ ദിനത്തിൽ മകൻ ബിനു പപ്പു പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.
‘അച്ഛാ…എനിക്ക് അച്ഛനോട് സംസാരിക്കണമെന്നും എന്റെ ഓരോ ദിവസത്തെ കുറിച്ചും പറയണമെന്നും തോന്നാറുണ്ട്. എല്ലാ ദിവസവും അച്ഛനെ വല്ലാതെ മിസ് ചെയ്യാറുമുണ്ട്. ഒരുപാട് സ്നേഹം.’എന്നാണ് മകൻ ബിനു പപ്പു ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്.
പത്മദളാക്ഷൻ എന്നായിരുന്നു കുതിരവട്ടം പപ്പുവിന്റെ യഥാർത്ഥ പേര്. പിന്നീട് കുതിരവട്ടം പപ്പു എന്ന പേരിൽ അദ്ദേഹം അറിയപ്പെടുകയായിരുന്നു. പത്മദളാക്ഷൻ അഭിനയിച്ച ഭാർഗ്ഗവിനിലയം എന്ന ചിത്രത്തിൽ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് കുതിരവട്ടം പപ്പു എന്നായിരുന്നു. ഇങ്ങനെയാണ് പത്മദളാക്ഷൻ കുതിരവട്ടം പപ്പു എന്ന പേരിൽ മലയാളിമനസ്സ് കീഴടക്കിയത്.
നാടകങ്ങളിൽ അതീവ തത്പരനായിരുന്ന പപ്പു സിനിമയിലേക്ക് ചുവടുവയ്‌ക്കുന്നതും നാടകവേദിയിലെ അഭിനയ സമ്പത്തുകൊണ്ടാണ്. ആയിരത്തിലധികം നാടകങ്ങളിൽ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിരുന്നു. 1963-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ അരങ്ങേറിയ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് പപ്പു സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിക്കുകയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു അദ്ദേഹം.
മണിച്ചിത്രത്താഴിലെ കാട്ടുപ്പറമ്പൻ, ആറാം തമ്പുരാനിലെ മംഗലം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നുവിലെ കോമക്കുറുപ്പ് എന്നീ കഥാപാത്രങ്ങളെല്ലാം പപ്പുവിന്റെ കയ്യിൽ ഭദ്രമായിരുന്നു. എന്നുമാത്രമല്ല ആ കാലഘട്ടത്തിൽ പപ്പു ആടി തിമിർത്ത കഥാപാത്രങ്ങളിലൊന്നും മലയാളി സിനിമ പ്രേമികൾക്ക് മറ്റൊരു താരത്തെ ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. ഹാസ്യ കഥാപാത്രങ്ങളായിരുന്നു പപ്പു ചെയ്തവയിൽ അധികവും. ഏറ്റെടുത്ത കഥാപാത്രങ്ങളെല്ലാം കൈകളിൽ ഭദ്രം. മലയാള സിനിമ കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും മികച്ച ഹാസ്യ നടനായി മാറാൻ പപ്പുവിന് അധികസമയം വേണ്ടി വന്നില്ല. കോഴിക്കോടൻ ശൈലിയിലുള്ള അദ്ദേഹത്തിന്റെ സംസാര രീതി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുന്നതിനും കാരണമായി. താമരശ്ശേരി ചുരം ഒരുപക്ഷെ ആളുകൾക്ക് ഇത്ര സുപരിചിതമാകാൻ കാരണവും അദ്ദേഹമായിരിക്കാം.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ നരസിംഹം ആയിരുന്നു പപ്പു അഭിനയ മികവ് കാഴ്ചവെച്ച അവസാന ചിത്രം. 2000 ഫെബ്രുവരി 25-ന് പപ്പു അരങ്ങൊഴിയുകയായിരുന്നു. എന്നാൽ ഇന്നും അദ്ദേഹത്തിന്റെ ഡയലോഗുകളും പല ഭാവങ്ങളും ട്രോളുകളിലും സമൂഹമാദ്ധ്യമങ്ങളിലും അരങ്ങൊഴിയാതെ നിൽക്കുന്നു.
















Comments