മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻഡ് പിടിയിൽ. മൺത്തിട്ട നിരത്താനുള്ള അനുമതിയ്‌ക്കായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റൻഡ് ഓഫീസർ കാവനൂർ വട്ടപ്പറമ്പ് ചന്ദ്രനാണ് അറസ്റ്റിലായത്.
വില്ലേജ് ഓഫീസ് കെട്ടിടത്തിലെ കോണിപ്പടിയിൽ വെച്ച് പണം കൈപ്പറ്റുന്നതിനിടയിലാണ് ചന്ദ്രൻ പിടിയിലായത്. മാറാക്കര കീഴ്മുറി പൊട്ടേങ്ങൽ മുഹമ്മദ് മുസ്തഫയാണ് ചന്ദ്രനെതിരെ വിജിലൻസിൽ പരാതിപ്പെട്ടത്. സ്വാഗതമാടുള്ള ഒരു വീടിന് മുൻവശത്തെ ഉയർന്നുനിൽക്കുന്ന മൺത്തിട്ട നിരപ്പാക്കി കൊടുക്കുന്ന ജോലിയ്‌ക്ക് മുസ്തഫ കരാറെടുത്തിരുന്നു.
ഇക്കഴിഞ്ഞ 21-ന് ഇത് നിരത്തുന്നതിനിടെ സ്ഥലത്തെത്തിയ ചന്ദ്രൻ പണി നിർത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. 25,000 രൂപ തന്നാലേ പണി തുടരാനാകൂയെന്നും പറഞ്ഞു. തുടർന്നാണ് മുഹമ്മദ് മുസ്തഫ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് സംഘത്തിന്റെ നിർദേശമനുസരിച്ച് പണവുമായി എത്തിയാണ് ചന്ദ്രനെ കുടുക്കുന്നത്.
Comments