ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് സിസോദിയയെ രാവിലെ മുതൽ സിബിഐ ചോദ്യം ചെയ്ത് വരികയായിരുന്നു. അരവിന്ദ് കെജരിവാൾ മന്ത്രിസഭയിൽ കുംഭകോണകേസുമായി ബന്ധപ്പെട്ട് ജയിലിൽ പോകുന്ന രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ നിലവിൽ ജയിലിലാണ്.
മദ്യനയകേസുമായി ബന്ധപ്പെട്ട് ദിനേഷ് അറോറ ഉൾപ്പെടെ എഫ്ഐആറിൽ പ്രതിചേർത്തിട്ടുള്ളവരുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിസോദിയ കൃത്യമായ മറുപടി നൽകിയില്ല. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. അറസ്റ്റിന് ശേഷം സിബിഐ ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സിസോദിയയെ അറസ്റ്റ് ചെയ്യുമെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് രാജ്യ തലസ്ഥാനത്ത് ആംആദ്മി പാർട്ടി വലിയ രീതിയിലെ പ്രതിഷേധമായിരുന്നു സൃഷ്ടിച്ചത്.
കഴിഞ്ഞ ആഴ്ചയിൽ സിസോദിയയോട് ചോദ്യം ചെയ്യലിന് വിളിച്ചിരുന്നെങ്കിലും ഹാജരായില്ല. ഇന്ന് ഹാജരാകാൻ സിബിഐ അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് എത്തിയത്. സിസോദിയയെ നാളെ കോടതിയിൽ ഹാജരാക്കും.
















Comments