തൃശൂർ: കേരള കലാമണ്ഡലത്തിലും പിൻവാതിൽ നിയമനം. സർക്കാർ അനുമതിയില്ലാതെ ഏഴ് പേരെ മൂന്ന് ഘട്ടങ്ങളിലായി പിൻവാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തൽ. നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താൻ ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടർ സാംസ്‌കാരിക വകുപ്പിന് കത്ത് നൽകി.
2014-ലാണ് കൽപിത സർവകലാശാലയായ കേരള കലാമണ്ഡലത്തിൽ ബിരുദ വകുപ്പുകളിലെ ഇൻസ്ട്രക്ടർമാരുടെ എണ്ണം 28 ആയി കുറച്ച് സർക്കാർ ഉത്തരവിറക്കിയത്. കലാമണ്ഡലത്തിന് പുതിയ നിയമനം നടത്തണമെങ്കിൽ ഓരോ ഡിപ്പാർട്ടുമെന്റിലും വരേണ്ട ഇൻസ്ട്രക്ടർമാരുടെ എണ്ണം സർക്കാർ നിജപ്പെടുത്തണം. ഇത് ലംഘിച്ചാണ് 2019 മുതൽ 2021 വരെ അംഗീകൃത തസ്തികകൾക്ക് പുറത്ത് ഏഴ് നിയമനങ്ങൾ നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായായിട്ടായിരുന്നു നിയമനം.
അനുവദിക്കപ്പെട്ട സെക്കൻഡ് ഗ്രേഡ് ഇൻസ്ട്രക്ടർമാരുടെ എണ്ണം 28 ആയിരുന്നു. എന്നാൽ ഏഴ് പേരെ അനധികൃതമായി നിയമിച്ചതിലൂടെ സെക്കൻഡ് ഗ്രേഡ് ഇൻസ്ട്രക്ടർമാരുടെ ഏഴ് സ്ഥാനക്കയറ്റ സാധ്യതകളാണ് നഷ്ടമായത്. കൂടാതെ ഏഴ് ഫസ്റ്റ് ഗ്രേഡ് തസ്തികയും ഇല്ലാതായി. നിയമനത്തിന് പിന്നിൽ ഭരണ നേതൃത്വത്തിന്റെ സമ്മർദ്ദമുണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവരാനുണ്ട്.
















Comments