കൊച്ചി : ശുകപുരം ദക്ഷിണാ മൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ലേലം നടത്താനുള്ള പദ്ധതി ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കും വരെയുള്ള ഒരു മാസക്കാലം പദ്ധതിയുമായി മുന്നോട്ട് പോവരുതെന്നും, ക്ഷേത്ര പരിസരത്ത് നിലവിലെ സ്ഥിതി തന്നെ തുടരണമെന്നും, തൽസ്ഥിതിക്ക് മാറ്റം വരുത്തുന്ന യാതൊരു പ്രവർത്തികളിലും ഏർപ്പെടരുതെന്നും ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു. ബിജെപി ഇന്റെലെക്ച്വൽ സെൽ സംസ്ഥാന കൺവീനറായ അഡ്വ ശങ്കു ടി ദാസ് നൽകിയ ഹർജിയിലാണ് സ്റ്റേ.
നേരത്തെ എടപ്പാൾ ശുകപുരം ക്ഷേത്രത്തിലെ 187 മരങ്ങൾ ലേലം ചെയ്തു വെട്ടി വിൽക്കുന്നതിനുള്ള ഗൂഢനീക്കത്തിൽ നിന്നും മലബാർ ദേവസ്വം ബോർഡ് താത്കാലികമായി പിന്മാറിയിരുന്നു . മരങ്ങൾ വെട്ടി നശിപ്പിക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ അഡ്വ: ശങ്കു ടി ദാസ് കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ ബഹു കോടതി വാദം കേൾക്കവേയാണ് ദേവസ്വത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ ലേലം നടത്താനുള്ള തീരുമാനം മാറ്റി വെച്ചതായി ബോധിപ്പിച്ചത്. ഇക്കാര്യം ബന്ധപ്പെട്ടവരെയെല്ലാം രേഖാമൂലം അറിയിച്ചു കൊണ്ട് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 27/02/2023 തിങ്കളാഴ്ച ലേലം നടത്താനായിരുന്നു ദേവസ്വം ബോർഡിന്റെ തീരുമാനം.
ബോർഡിന്റെ ഉറപ്പ് നടപടിക്രമങ്ങളിൽ രേഖപ്പെടുത്തിയ കോടതി തുടർവാദത്തിന് മുൻപായി കേസിൽ കേരള സർക്കാരിനെയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും കൂടി കക്ഷി ചേർക്കാൻ ഹർജിക്കാരനോട് നിർദ്ദേശിച്ച് കൊണ്ട് കേസ് 01/03/2023 ബുധനാഴ്‌ച്ചത്തേക്ക് പോസ്റ്റ് ചെയ്യുകയായിരുന്നു . ഇതിലാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഇപ്പോൾ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മേൽവിഷയത്തിൽ ബഹുമാനപ്പെട്ട കോടതിയുടെ അന്തിമ തീർപ്പ് വരും വരെ ലേലമോ മരം മുറിയോ നടത്താൻ സാധിക്കുന്നതല്ല.
പരശുരാമൻ സൃഷ്ടിച്ച 32 ഗ്രാമങ്ങളിൽ ഏറ്റവും വലിയ ഗ്രാമമായ ശുകപുരം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം. മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്ത് ശുകപുരത്ത് ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നു. ലോകഗുരുവായി വിജ്ഞാനം പൊഴിക്കുന്ന ദക്ഷിണാമൂർത്തി ഭഗവാനെ അതുകൊണ്ടുതന്നെ വിജ്ഞാനദേവതയായാണ് ആരാധിക്കുന്നത്. പ്രപഞ്ചാരംഭംമുതൽ ശിവൻ ഒരു ആൽ വൃക്ഷത്തിന്‍റെചുവട്ടിൽ തെക്കോട്ടുതിരിഞ്ഞിരുന്നു ശിഷ്യന്മാർക്ക് ബ്രഹ്മോപദേശം നല്കുന്നതായിട്ടാണ് സങ്കൽപം. ദക്ഷിണാമൂർത്തി സങ്കൽപ്പത്തിൽ ആല്മരത്തിനും മറ്റും വൃക്ഷങ്ങൾക്കും വലിയ പ്രാധാന്യമാണ് ഉള്ളത് . അങ്ങിനെയുള്ള ദക്ഷിണാ മൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ശുകപുരം ക്ഷേത്രത്തിലെ വൃക്ഷങ്ങൾ വെട്ടി വിൽക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്റെ നടപടിക്കാണ് സ്റ്റേ വന്നത് .
പ്രകൃതി ഭംഗിക്ക് പേര് കേട്ടതാണ് ശുകപുരം ക്ഷേത്രം.12 ഏക്കറോളം വരുന്ന ക്ഷേത്ര ഭൂമി പ്രശാന്തസുന്ദരമാണ്. ഈ ഭൂമിയുടെ വാണിജ്യ സാധ്യതകൾ കണ്ടുകൊണ്ട് പൊതു ഭൂമിയാക്കാനുള്ള നീക്കമായിരുന്നു ഇടതുസർക്കാർ നിയോഗിച്ച മലബാർ ദേവസ്വം ബോർഡിനുള്ളത് എന്ന് ഭക്തർ പറയുന്നു. മറ്റുള്ള പല വലിയ ക്ഷേത്രങ്ങളിലും ചെയ്തത് പോലെ ക്ഷേത്ര മതിലകത്തിന്റെ വിസ്തൃതി വളരെ ചെറിയൊരു വട്ടത്തിലേക്ക് മാത്രമായി ചുരുക്കാനും, ബാക്കി ഭൂമി അവിശ്വാസികൾക്കുൾപ്പെടെ മറിച്ചു കൊടുക്കാനുമായി ചിലർ നടത്തുന്ന ഗൂഡാലോചനയുടെ തുടർച്ചയാണ് ദേവസ്വം ബോർഡിന്റെ നീക്കമെന്ന് വിശ്വാസി സമൂഹം പറയുന്നു.
വളരെ വിരളമായി മാത്രം കാണപ്പെടുന്ന നാഗലിംഗ മരം ഉൾപ്പെടെയുള്ള വിലമതിക്കാനാകാത്ത 187 വൃക്ഷങ്ങളാണ് ദേവസ്വം ബോർഡിന്റെ ലാഭക്കൊതിയിൽ നശിക്കുമായിരുന്നത്. ദേവസ്വം ബോർഡിന്റെ ഈ നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഭക്തജനങ്ങൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.
















Comments