കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്. എന്നാൽ ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകരുതെന്ന് ഇഡി വ്യക്തമാക്കി.
നിലവിൽ, കേസുമായി ബന്ധപ്പെട്ട് കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ശിവശങ്കർ. എന്നാൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും ഇഡി തന്നെ പ്രതി ചേർത്ത നടപടി തെറ്റാണെന്നുമുള്ള വാദത്തിലാണ് ശിവശങ്കർ. ഒൻപത് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കർ പറഞ്ഞെങ്കിലും, സഹകരിച്ചില്ലെന്ന ഇഡിയുടെ റിപ്പോർട്ടാകും കോടതി പരിഗണിക്കുക.
അതേസമയം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാത്ത മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി വീണ്ടും നോട്ടീസ് നൽകിയതായാണ് ലഭിക്കുന്ന വിവരം. മാർച്ച് ഏഴാം തീയതി ഹാജരാകാനാണ് രവീന്ദ്രന് നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ ദിവസം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റുകൾ പുറത്ത് വന്നിരുന്നു. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകളാണ് പുറത്തായത്. ഈ തെളിവ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ബാധിക്കും.
















Comments