ഹോളി ആഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഹോളി ജാതി മതഭേദമന്യേ ഇന്ന് ഏവരും ആഘോഷിക്കുന്നുണ്ട്. നിറങ്ങളുടെ ഉത്സവമാണ് ഹോളി. എന്നാൽ ഹോളി ആഘോഷത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ ചിലപ്പോൾ നിങ്ങളക്ക്
ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം.
അതുപോലെ തന്നെ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചാലും ചിലർക്ക് അലർജി ഉണ്ടാക്കിയേക്കാം. അധിക നേരം ആഘോഷത്തിന്റെ ഭാഗമായി വെയിൽ കൊള്ളുന്നതും ചർമ്മ പ്രശ്‌നങ്ങളുണ്ടാക്കും. ഹോളിക്ക് ഉപയോഗിക്കുന്ന ചായങ്ങളോടൊപ്പം സൂര്യപ്രകാശവും, നിറങ്ങൾ ചേർത്ത വെള്ളം തളിക്കലും ചർമ്മത്തെ കാര്യമായി ബാധിക്കും. ചർമ്മത്തെ സംരക്ഷിക്കുവാനും നിറങ്ങൾ എളുപ്പത്തിൽ ചർമ്മത്തിൽ നിന്ന് കളയാനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
നിറങ്ങളിൽ നിന്നും നിങ്ങളുടെ ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം, ഇതാ ചില മാർഗങ്ങൾ…
ആഘോഷങ്ങൾക്ക് മുമ്പ് വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണയോ ശരിരത്തിൽ പുരട്ടുന്നത് നല്ലതാണ്. ഇതൊരു പാളിപോലെ നിൽക്കുകയും നിറങ്ങൾ പറ്റിപ്പിടിക്കുന്നതിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.
കെമിക്കൽ നിറങ്ങൾ ഒഴിവാക്കി പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കുക. നിറങ്ങൾ ശരിരത്തിലേക്ക് നേരിട്ട് സമ്പർക്കം വരുന്നത് തടയാനായി കൈകളും കാലുകളും മറയുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
ആഘോഷത്തിന്റെ ഭാഗമായി ഒരുപാട് നേരം പുറത്തായിരിക്കുന്ന സ്ഥിതിയിൽ നേരിട്ടുള്ള സൂര്യപ്രകാശവും ശരിരത്തിന് ദോഷം ചെയ്യും. അതിൽ നിന്നുള്ള രക്ഷയ്‌ക്കായ് കൈ, മുഖം തുടങ്ങി പുറത്തു കാണുന്ന ഭാഗങ്ങളിൽ എല്ലാം സൺസ്‌ക്രീൻ പുരട്ടുക. ചുണ്ടുകളുടെ സംരക്ഷണത്തിന് ലിപ് ബാം അല്ലെങ്കിൽ പെട്രോളിയം ജെല്ലി ഉപയോഗിക്കുക.
ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസുകൾ ധരിക്കുക. നിങ്ങളുടെ ചർമ്മത്തിൽ നിന്ന് നിറങ്ങൾ നീക്കം ചെയ്യാൻ കഠിനമായ സോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം, മൃദുവായ ക്ലെൻസർ അല്ലെങ്കിൽ ബേസൻ, തൈര് എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് നിറങ്ങൾ നീക്കം ചെയ്യുക.
ശരിരത്തിൽ നിന്നും നിറങ്ങൾ നീക്കം ചെയ്യാൻ ശക്തമായി തടവുന്നത് ചർമ്മങ്ങൾക്ക് കേടുപാടുകൾ വരുത്തിയേക്കാം. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുന്നത് ഉത്തമം. ചർമ്മ സംരക്ഷണത്തിനും ജലാംശം നൽകാനുമായി നിറങ്ങൾ നീക്കം ചെയ്ത ശേഷം മോയ്‌സ്ചറൈസർ ഉപയോഗിക്കുക.
നനഞ്ഞ വസ്ത്രത്തിൽ ധരിച്ചുനിൽക്കുന്നത് അണുബാധ വരുത്താം. ചർമ്മത്തിൽ എന്തെങ്കിലും അലർജിയോ മറ്റോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക.
Comments