ഭോപ്പാൽ: മഴു ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ചെടുത്ത ഭാര്യ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ സിംഗ്രോലിയിലാണ് സംഭവം. ബിരേന്ദർ ഗുർജാർ എന്നയാളാണ് ഭാര്യയുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കാഞ്ചൻ ഗുർജാർ എന്ന യുവതിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ബിരേന്ദറിന്റെ അഞ്ചാമത്തെ ഭാര്യയാണ് കാഞ്ചൻ.
ഫെബ്രുവരി 21-നായിരുന്നു ഭർത്താവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. കഴുത്തിലും ജനനേന്ദ്രിയത്തിലും ആഴത്തിൽ മുറുവുകളുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഭാര്യ കാഞ്ചൻ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു പരാതി.
തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. ഇതിനിടെയാണ് ഭാര്യ കാഞ്ചൻ സംശയത്തിന്റെ നിഴലിലാവുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു.
ഭർത്താവ് മദ്യപാനിയായിരുന്നു. നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പ്രതി മൊഴി നൽകി. പീഡനം സഹിക്കാൻ കഴിയാതെയാണ് കൊല്ലാൻ തീരുമാനിച്ചത്. ഇതിനായി ഭർത്താവ് കഴിക്കുന്ന ഭക്ഷണത്തിൽ 20 ഉറക്കഗുളികകൾ ചേർത്തു. തുടർന്ന് ക്ഷീണിതനായി മയങ്ങി വീണ ഭർത്താവിനെ മഴു ഉപയോഗിച്ച് കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് റോഡരികിൽ ഉപേക്ഷിച്ചു. തെളിവ് നശിപ്പിക്കാനായി പല സാധനങ്ങളും കത്തിച്ചുകളയുകയും ചെയ്തുവെന്ന് ഭാര്യ വെളിപ്പെടുത്തി.
ബിരേന്ദറിന്റെ പീഡനം മൂലമാണ് നേരത്തെ വിവാഹം ചെയ്ത നാല് ഭാര്യമാരും അയാളെ ഉപേക്ഷിച്ച് പോയതെന്ന് പോലീസ് പറയുന്നു. ഒടുവിൽ അഞ്ചാമത് വിവാഹം ചെയ്ത ഭാര്യ മഴു കൊണ്ട് മറുപടി നൽകുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.
















Comments