ന്യൂഡൽഹി: ജമ്മുകശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറിച്ച് അനാവശ്യ പരാമർശം നടത്തിയ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷനെ (ഒഐസി) കടന്നാക്രമിച്ച് ഇന്ത്യ. സ്വന്തം രാജ്യത്തെ ജനങ്ങൾ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പേരാടുമ്പോൾ, പാകിസ്താന്റെ ശ്രദ്ധ തെറ്റായ കാര്യങ്ങളിലാണെന്നും അടിസ്ഥാനരഹിതമായ പ്രചാരണത്തിനുപകരം സ്വന്തം ജനതയുടെ കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽ സംസാരിച്ച ഇന്ത്യയുടെ പ്രതിനിധി സീമ പൂജാനിയാണ് ഒഐസിക്കെതിരെ ആഞ്ഞടിച്ചത്.
കശ്മീരികളെ ഇന്ത്യൻ അധികാരികൾ പ്രയാസപ്പെടുത്തുന്നുവെന്നാണ് പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിൻ വ്യാഴാഴ്ച നടത്തിയ പരാമർശം. ഇതിനെതിരെയാണ് സീമ പൂജാനി പറഞ്ഞത്.
ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഒഐസിയുടെ അനാവശ്യമായിട്ടുള്ള പരാമർശങ്ങൾ നിരസിക്കുന്നു. ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവൻ പ്രദേശങ്ങളും എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും എന്നതാണ് വസ്തുത. ഇന്ത്യൻ പ്രദേശത്ത് പാകിസ്താൻ അധിനിവേശം നടത്തിയതാണെന്നും സീമ വ്യക്തമാക്കി.
പാകിസ്താൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരവാദം ഉപേക്ഷിക്കാനും ഇന്ത്യൻ പ്രദേശത്തെ അധിനിവേശം പിൻവലിക്കാനും ഒഐസിയുടെ അംഗമായ പാകിസ്താനോട് ആവശ്യപ്പെടുന്നതിനുപകരം ഇന്ത്യയ്‌ക്കെതിരെ ദുരുദ്ദേശ്യപരമായ പ്രചരണത്തിന് അനുവാദം നൽകുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വിഷയത്തിൽ വർഗീയവും പക്ഷപാതവും തെറ്റായതുമായ സമീപനം സ്വീകരിച്ച് ഒഐസിയുടെ വിശ്വാസ്യത ഇതിനകം നഷ്ടപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ഒഐസിയുടെ സമീപനം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ വിമർശിച്ചിരുന്നു.
















Comments