തിരുവനന്തപുരം: സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ഏജന്റെന്ന് ലേഖനം. ജനശക്തി എന്ന മാസികയിലാണ് ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്. പാർട്ടി രഹസ്യങ്ങൾ ബ്രിട്ടാസ് പല കുറി ചോർത്തിയെന്നും പാർട്ടിയിലെ പ്രമുഖരായ പല നേതാക്കൾക്കും ഇതു സംബന്ധിച്ച ധാരണ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്ന് ആരും പ്രതികരിക്കില്ലെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
ദേശാഭിമാനിയുടെ ഡൽഹി ലേഖകനായിരുന്ന കാലം മുതൽ പാർട്ടി രഹസ്യങ്ങൾ അമേരിക്കൻ ചാര സംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് ചോർത്തി നൽകിയിട്ടുള്ള വ്യക്തിയാണ് ജോൺ ബ്രിട്ടാസ് എന്ന് ജനശക്തി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു. ബ്രിട്ടാസ് നൽകിയ വിവരങ്ങൾ സംബന്ധിച്ച് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തായിട്ടുണ്ട്. പിണറായി വിജയന് വേണ്ടി വി.എസ്.അച്യുതാനന്ദനെ അട്ടിമറിക്കാൻ ബ്രിട്ടാസ് ശ്രമിച്ചിട്ടുണ്ട്. ഇവിടെയും സിഐഎ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ തെളിവുകൾ 2010-ൽ പുറത്തുവന്നതായും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പാർട്ടിയിലെ വിവരങ്ങൾ ചോർത്തി നൽകുന്നത് പാർട്ടി ചാനലായ കൈരളിയുടെ എംഡി കൂടിയായ ജോൺ ബ്രിട്ടാസാണെന്ന് അമേരിക്കൻ മുൻ സ്ഥാനപതി ഹോപ്പർ വ്യകതമാക്കിയിട്ടുണ്ട്. സിഐഎ രഹസ്യമായി നടത്തിയ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ വിക്കിലിക്‌സ് എന്ന സ്ഥാപനം പുറത്ത് വിട്ടിട്ടുണ്ട്. കേരളത്തിലെ സിപിഎമ്മിൽ നടക്കുന്ന നിർണ്ണായക നീക്കങ്ങൾ സംബന്ധിച്ച രേഖകൾ അമേരിക്കയിലെ കൊളംബിയ സർവ്വകലാശാലയിൽ നിന്ന് മുൻ മന്ത്രി തോമസ് ഐസക്കിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകൾ തോമസ് ഐസക്ക് പ്രകാശ് കാരാട്ടിന് നൽകിയതായും ലേഖനത്തിൽ പറയുന്നു.
ബ്രിട്ടാസ് ഒറ്റുകാരനാണെന്ന് വ്യക്തമായിട്ടും 2022 – ൽ കൊച്ചി നടന്ന പാർട്ടി സമ്മേളത്തിൽ പ്രത്യേക ക്ഷണിതാവാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ സമ്മർദ്ദത്താൽ ബ്രിട്ടാസിനെതിരെ നടപടി എടുക്കാൻ മുതിർന്ന സിപിഎം നേതാക്കൾ മടിക്കുന്നു. ജോൺ ബ്രിട്ടാസ് പാർട്ടിയിൽ പുതിയ ഒരു അധികാര കേന്ദ്രമായി മാറുന്നതായും ബാബറി മസ്ജിദ് സംബന്ധിച്ച് കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ ജോൺ ബ്രിട്ടാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമാണെന്നും ലേഖനത്തിൽ സൂചിപ്പിക്കുന്നു. സുപ്രീം കോടതി തീർപ്പാക്കിയ വിഷയത്തിൽ ഹിന്ദു മുസ്ലിം സംഘർഷം ലക്ഷ്യമിട്ടാണ് ബ്രിട്ടാസ് വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചതെന്നും ജനശക്തി മാസികയുടെ മാർച്ച് ലക്കത്തിലെ ലേഖനത്തിൽ വ്യക്തമാക്കുന്നു.
Comments