ലക്നൗ: വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സുപ്രധാന തീരുമാനവുമായി ഉത്തർപ്രദേശ് സർക്കാർ. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള റോഡ് ടാക്സും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും. 2022 ഒക്ടോബർ 14 മുതൽ മൂന്ന് വർഷത്തേയ്ക്കാണ് ഫീസുകൾ ഒഴിവാക്കുക. സംസ്ഥാനത്ത് തന്നെ നിർമ്മിക്കുന്ന ഇ-വാഹനങ്ങൾ വാങ്ങുന്നവർക്ക് അഞ്ച് വർഷത്തേയ്ക്ക് ഈ ഇളവ് സാധുവായിരിക്കും. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ ജില്ലകളിലെയും ആർടിഒമാരോട് അറിയിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ് ഇലക്ട്രിക് വെഹിക്കിൾ മാനുഫാക്ടറിംഗ് ആൻഡ് മൊബിലിറ്റി പോളിസി 2022 പ്രകാരം, 2022 ഒക്ടോബർ 14 മുതൽ സംസ്ഥാനത്ത് വിൽക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതിയിളവ് ലഭിക്കും. 2025 ഒക്ടോബർ 13 വരെ ഈ നികുതിയിളവ് ലഭിക്കും. ഇതിന് പുറമേ സംസ്ഥാനത്ത് നിർമ്മിക്കുന്നതും വിൽക്കുന്നതും രജിസ്റ്റർ ചെയ്തതുമായ ഇവികളിൽ പ്രാബല്യത്തിലുള്ള കാലയളവിന്റെ നാലമത്തെയും അഞ്ചാമത്തെും വർഷങ്ങളിൽ 100 ശതമാനം റിബേറ്റും ലഭിക്കും.
ബാറ്ററികളോ അൾട്രാപാസിറ്ററുകളോ ഇന്ധന സെല്ലുകളോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളെയും ഇവി എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നുവെന്ന് സർക്കർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പരാമർശിക്കുന്നു. രണ്ട്, മൂന്ന്, നാല് ചക്ര വാഹനങ്ങൾ, സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (എച്ച്ഇവി), പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (പിഎച്ചഇവി), ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (ബിഇവി), ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (എഫ്സിഇവി) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ഈ സബ്സിഡികൾ കൂടിച്ചേർന്നാൽ ഇരുചക്രവാഹനങ്ങൾക്ക് 15,000 രൂപ മുതൽ 20,000 രൂപ വരെയും കാറുകൾക്ക് ഒരു ലക്ഷം രൂപ വരെയും വിലയിൽ കുറവുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
Comments