കഴിഞ്ഞ വർഷാവസാനം പുറത്തിറങ്ങിയ കാന്താര സിനിമ ആഗോളതലത്തിൽ വൻ വിജയം നേടി. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ സിനിമയിലെ വരാഹരൂപം എന്ന ഗാനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കോപ്പി വിവാദങ്ങളും നേരിടേണ്ടി വന്നെങ്കിലും വൻ സ്വീകാര്യതയാണ് ഗാനത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബെംഗളൂരുവിൽ നടന്ന ഒരു ലൈവ് ഷോയിൽ പ്രശസ്ത ഗായകൻ അർജിത് സിംഗ് ‘വരാഹ രൂപം’ ആലപിച്ചതോടെ വീണ്ടും ഗാനം വൈറലാകുകയാണ്. ഷോയിൽ തന്റെ മാന്ത്രിക ശബ്ദത്തിലൂടെ അർജിത് സിംഗ്
കാണികളെ ആവേശഭരിതരാക്കി. ബോളിവുഡിൽ ഹൃദ്യമായ നിരവധി ഗാനങ്ങൾ ആലപിച്ച അർജിത് സിങ്ങിന്റെ ശബ്ദത്തിലുള്ള ‘വരാഹ രൂപം’ ആരാധകർക്കിടയിലും സോഷ്യൽമീഡിയയിലും തരംഗമായിരിക്കുകയാണ്.
ഷോയുടെ വീഡിയോ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ട് ആരാധകർ അർജിത് സിംഗിനെ പ്രശംസിച്ചു. വരാഹരൂപം ലൈവായി പാടി മാന്ത്രിക അന്തരീക്ഷം സൃഷ്ടിച്ചു, തന്റെ ആരാധകർക്ക് എന്താണ് സമ്മാനിക്കേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം എന്നീ തലക്കെട്ടുകളോട് കൂടിയാണ് ക്ലിപ്പുകൾ ട്വിറ്ററിൽ പങ്കുവെയ്‌ക്കുന്നത്.
ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച കാന്തരയിൽ അദ്ദേഹം തന്നെയായിരുന്നു നായകൻ. സെപ്തംബര്‍ 30 നാണ് ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്തത്. കന്നഡയില്‍ വിജയമായതോടെ ചിത്രം പിന്നീട് തെലുങ്ക്,തമിഴ്,ഹിന്ദി, മലയാളം,ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുകയായിരുന്നു. എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് കാന്താരക്ക് ലഭിച്ചത്. 16 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 243 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. കെ.ജി.എഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.
Comments