സാക്രമെന്റോ : പ്രസിഡന്റ് ഗ്രേഗ് ടോംബിനെ പുറത്താക്കി വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ സൂം. ഒപ്പുവെച്ച കരാറുകൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ യാതൊരു കാരണവും കൂടാതെ പുറത്താക്കുകയായിരുന്നു. മഹാമാരിയ്‌ക്ക് ശേഷം കമ്പനി സിഇഒ എറിക് യുവാൻ 1,300 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്റ് ഗ്രേഗ് ടോംബും കമ്പനിക്ക് പുറത്ത് പോകുന്നത്.
ബിസിനസുകാരനും മുൻ ഗൂഗിൾ ജീവനക്കാരനുമായ ടോംബ് സൂമിൽ ചുമതലയേൽക്കുന്നത് കഴിഞ്ഞ വർഷം ജൂണിലായിരുന്നു. തുടർന്ന് കമ്പനിയിലെ സാമ്പത്തിക നേട്ടങ്ങളിൽ പങ്കാളിയായിരുന്നു അദ്ദേഹം. പുറത്താക്കൽ നടപടിയെ കുറിച്ച് ടോംബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വ്യക്തികളെ സാമൂഹികമായി ബന്ധിപ്പിച്ചിരുന്നതിൽ പ്രധാന പങ്ക് വഹിച്ച വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായിരുന്നു സൂം. കോവിഡ് കാലഘട്ടത്തിലാണ് ആപ്പിന്റെ ഉപയോഗം കൂടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കമ്പനി അധികം ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ കൊവിഡിന് ശേഷം ഉപയോക്താക്കൾ ആപ്പ് ഉപയോഗിക്കുന്നത് കുറയുകയും ഇത് കമ്പനിയെ സാരമായി ബാധിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂട്ട പിരിച്ചുവിടൽ.
ജോലി,വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഔദ്യോഗിക ഇടപെടലുകൾക്കുമായാണ് കൊവിഡ് കാലഘട്ടത്തിൽ സൂം ആപ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഈ കാലഘട്ടത്തിൽ കമ്പനിക്ക് വൻ വളർച്ചയുണ്ടായി. എന്നാൽ കൊവിഡ് അവസാനിച്ചതിന് ശേഷം കമ്പനി തകർച്ച നേരിട്ടു. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് കമ്പനി കൂട്ട പിരിച്ചുവിടൽ നടത്തിയിരിക്കുന്നത്.
Comments