സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ അതിപ്രധാനമായ ആഘോഷമാണ് പൊങ്കാല മഹോത്സവം. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവമാണിത്. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാലയെ കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരുമെന്നാണ് വിശ്വാസം. ആറ്റുകാലമ്മയ്‌ക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കുവാനുള്ള അവസരമാണിത്. തെളിഞ്ഞ മനസ്സോടെ ഭക്തിപൂർവം ദേവിക്ക് പൊങ്കാല സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരുമെന്നും സർവൈശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. ഒരാഴ്ചയെങ്കിലും വ്രതം അനുഷ്ഠിച്ച് വേണം ദേവിക്ക് പൊങ്കാല സമർപ്പിക്കാൻ.
പൊങ്കാലയിൽ സാധാരണയായി ശർക്കര പായസം, കടുംപായസം/കഠിനപായസം, വെള്ള ചോറ്, വെള്ളപായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുറ്റ് മുതലായവ നിവേദ്യം തയ്യാറായതിന് ശേഷവും ഉണ്ടാക്കാം. പൊങ്കാലയോടൊപ്പം തന്നെ ആറ്റുകാലമ്മയ്‌ക്ക് നിവേദിക്കുന്ന ഒന്നാണ് തെരളി അപ്പം (വയണയില അപ്പം ). തെരളി നിവേദിച്ചാൽ കാര്യസിദ്ധിയുണ്ടാകും. പൊങ്കാലനേർച്ചയിലെ ഒരു പ്രധാന വിഭവമായ തെരളി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം
ചേരുവകൾ
അരിപൊടി(വറുത്തത് ) 2 കപ്പ്
ശർക്കര (ചീകിയത്) ഒന്നര കപ്പ്
ഞാലിപൂവൻ പഴം 3 -4 എണ്ണം
തേങ്ങ ചിരവിയത് അര കപ്പ്
വയണയില ആവശ്യത്തിന്
ഏലക്ക പൊടിച്ചത് 1ടി സ്പൂൺ
ജീരകം പൊടി അര ടി സ്പൂൺ
ഓലക്കാൽ- ഇല കുമ്പിൾ കുത്താൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം:-
ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശർക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ). ഇതു നല്ലത് പോലെ അരിച്ചെടുക്കുക .ശേഷം അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക. ഒരു പാത്രത്തിൽ അരിപൊടി, ജീരകം പൊടി, ഏലക്ക പൊടി, തേങ്ങ ചിരവിയത്, പഴം, ശർക്കര പാനി എല്ലാം കൂടി ചേർത്ത് ഇലയിൽ വെക്കാൻ പരുവത്തിൽ കുഴക്കുക. തുടർന്ന് ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാവാൻ വെക്കുക. കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ഇത് വയണയില കുമ്പിൾ രൂപത്തിലാക്കി അതിൽ നിറച്ചു ഈർക്കിലി കൊണ്ട് കുത്തി എടുക്കുക. ഇങ്ങനെ 20-25 കുമ്പിൾ ഉണ്ടാക്കാൻ പറ്റും. ഇത് ഇഡലി പാത്രത്തിന്റെ തട്ടിൽ വെച്ച് ആവിയിൽ അരമണിക്കൂർ പുഴുങ്ങുക. നിവേദിക്കാനുള്ള തെരളി തയാർ.
ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തത് അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു.
Comments