അഗർത്തല: ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ അധികാരമേറ്റു. ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ രണ്ടാം തവണയാണ് മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയാകുന്നത്. അഗർത്തലയിലെ വിവേകാനന്ദ മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്നിഹിതനായി.കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും, മറ്റ് കേന്ദ്രമന്ത്രിമാരും പങ്കെടുത്തു.
മണിക് സാഹ ഉൾപ്പെടെ 9 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രത്തൻ ലാൽ നാഥ്, സന്താന ഡോഡ്ജ്, സുശാന്ത ചൗധരി, ടിങ്കു റോയ്, പ്രണജിത് സിംഗ് റോയ്, ബികാഷ് ദേബ്ബർമ, സുധാങ്‌സു ദാസ്, ശുക്ല ചരൺ നോട്ടിയ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയ്‌ക്കും മറ്റ് മന്ത്രിമാർക്കും ഗവർണർ എസ്എൻ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു
ത്രിപുരയിൽ പാർട്ടിയെ അധികാരത്തിലെത്തിച്ച മാണിക് സാഹ അറിയപ്പെടുന്ന ദന്തഡോക്ടറാണ്. ബിജെപി നിയമസഭാ കക്ഷി യോഗമാണ് മാണിക് സാഹ മുഖ്യമന്ത്രിയായി തുടരാനുള്ള തീരുമാനമെടുത്തത്. 60 അംഗ ത്രിപുര നിയമസഭയിൽ 32 സീറ്റിലാണ് ബിജെപി ജയിച്ചത്. ഒരു സീറ്റിൽ സഖ്യകക്ഷിയായ ഐപിഎഫ്ടി വിജയിച്ചു.
Comments