കൊച്ചി: കരൾ സംബന്ധമായ രോഗത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ രോഗത്തെ കുറിച്ച് നിരവധി വാർത്തകളാണ് പ്രചരിച്ചത്. ഇപ്പോഴിതാ ബാലയുടെ രോഗാവസ്ഥയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ചികിത്സിച്ച ഡോക്ടർ സുധീന്ദ്രൻ.
ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ബാലയുടെ ശരീരത്തിൽ ബിലിറൂബിന്റെ അളവ് വളരെ കൂടുതലായിരുന്നുവെന്ന് കരൾരോഗ ഡോക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബാല അഡ്മിറ്റായ സമയത്ത് രോഗാവസ്ഥ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു. ലിവറിന്റെ 20-30% മാത്രമേ പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ. സിറോസിസ് ബാധിച്ച ലിവർ, ട്രാൻസ്പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്. വർഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസമാണ്. എഫക്ടീവ് ആയ മരുന്ന് ഇല്ലെന്ന് തന്നെ പറയാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ട്രാൻസ്പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലതെന്നും ഡോക്ടർ വ്യക്തമാക്കി.
ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്‌റ്റേബിളാണ്. മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്. ബാലയെ ആശുപത്രിയിലേക്ക് കൊണ്ടു വരുമ്പോൾ ബോധമുണ്ടായിരുന്നു. പക്ഷെ നോർമൽ അല്ലായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ലിവർ മാറ്റിവെയ്‌ക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ബാലയെ കാണാൻ മുൻ ഭാര്യ അമൃതയും മകളും എത്തിയിരുന്നു. അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും ബാലയെ സന്ദർശിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്‍ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടു.
Comments