കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ പിണറായി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമാണ് വിഷപ്പുകയിൽ മുങ്ങുന്നത്. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിക ദുരന്തമാണ് ഇത്. ഇതിന് ഉത്തരവാദിയായ സംസ്ഥാന ഭരണകൂടവും പ്രാദേശിക ഭരണകൂടവും ജനങ്ങളോട് ഉത്തരം പറയണമെന്ന് സംവിധായകൻ തുറന്നടിച്ചു.
ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ദിവസങ്ങളായി വിഷപ്പുകയിൽ മുങ്ങി നിൽക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളിൽ പോലും വിഷ വായു. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇൻസിഡന്റ്. ഉത്തരവാദികൾ ആരായാലും – പ്രാദേശിക ഭരണകൂടം ആയാലും സംസ്ഥാന ഭരണകൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ. പ്രതിവിധി യുദ്ധകാലടിസ്ഥാനത്തിൽ കണ്ടെത്തിയേ മതിയാകൂ. ഞങ്ങൾ ജനങ്ങൾ ആരുടെ കയ്യിൽ നിന്നും ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷൻ കൈപറ്റിയിട്ടില്ല. എങ്കിലും എന്തുകൊണ്ടായിരിക്കും പുതു തലമുറ നാടുവിട്ടു വിദേശ രാജ്യങ്ങളിൽ ചേക്കേറുന്നത്??- എന്നാണ് മിഥുൻ മാനുവൽ പ്രതിഷേധിച്ചു കൊണ്ട് ഫേയ്സ്ബുക്കിൽ കുറിച്ചത്.
സർക്കാരിനെതിരെ സംവിധായകൻ അരുൺ ഗോപിയും രംഗത്തു വന്നു. എങ്ങനെയാണ് ഭരണകൂടത്തിന് ഇത്ര നിസ്സംഗമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതെന്നും ആരോട് പരാതി പറയാനെന്ന് സ്വയം തോന്നി പോകുന്നുവെന്നും സംവിധായകൻ പറഞ്ഞു. ഈ അവസ്ഥ തുടർന്നാൽ വിഷപ്പുക തീർക്കുന്ന മാരക പ്രശ്നങ്ങളിൽ നിന്നും കൊച്ചിക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അരുൺ ഗോപി ചൂണ്ടിക്കാണിച്ചു.
















Comments