മാർച്ച് 12, കരിന്തണ്ടൻ ദിനം; ബ്രിട്ടീഷുകാർ ചതിയിൽ കൊലപ്പെടുത്തിയ കരിന്തണ്ടൻ മൂപ്പന്റെ കഥ

Published by
Janam Web Desk

ഒരു ചതിയുടെ കഥയാണ് കരിന്തണ്ടന്റേത്. കോഴിക്കോട് താമരശ്ശേരി ചുരത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് ആ ചതി. ഈ ചുരം നിലകൊള്ളുന്നത് മൂന്ന് മലകളിലായാണ്. ബ്രിട്ടീഷുകാര്‍ക്ക് മൈസൂരിലേക്കുള്ള എളുപ്പ പാത നിർമ്മിക്കുന്നതിന് ഈ മൂന്ന് മലകള്‍ തന്നെയായിരുന്നു തടസ്സവും .ഈ മലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു പാത വെട്ടിയാൽ കോഴിക്കോട് നിന്നും സേനയെ മൈസൂരില്‍ എത്തിക്കാന്‍ കഴിയുമെന്ന് അവർ മനസ്സിലാക്കി. എന്നാല്‍ ആ ഗിരിശൃംഗങ്ങളെ കടന്ന് റോഡിനു വേണ്ടി സര്‍വേ നടത്താന്‍ പോലും അവരുടെ എന്ജിനീയര്മാര്‍ക്ക് കഴിഞ്ഞില്ല. ബ്രിട്ടീഷുകാര്‍ പണികള്‍ പലതും നോക്കി.

അങ്ങനെ ആകെകുഴങ്ങിയ ബ്രിട്ടീഷുകാര്‍ അന്തം വിട്ട് മലയടിവാരത്തില്‍ നില്‍ക്കവേയാണ് ഒരു വനവാസി സുഖമായി മൃഗങ്ങളെയും മേച്ചുകൊണ്ടു മലമുകളിലേക്ക് പോവുകയും തിരിച്ചു വരുകയും ചെയ്യുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്. അവർ അയാളുടെ സഹായം തേടി. വളരെ ലളിതമായിരുന്നു കരിന്തണ്ടന്‍ കണ്ടുപിടിച്ച രീതി. അയാള്‍ ആടുമാടുകളെ പേടിപ്പിച്ചു ഓടിച്ചു. മൃഗങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റവും ലളിതവും കയറ്റം താരതമ്യേന കുറഞ്ഞതുമായ വഴികളിലൂടെ മലമുകളിലേക്ക് ഓടിക്കയറി. അങ്ങിനെ എളുപ്പത്തില്‍ കയറാവുന്ന മലമടക്കുകള്‍ മാര്‍ക്ക് ചെയ്തു സായിപ്പിന് നല്‍കി.അങ്ങിനെ ദിവസങ്ങള്‍ക്കുള്ളില്‍ പാത വെട്ടാനുള്ള മാര്‍ക്കിംഗ് തയ്യാറായി. വിദ്യാസമ്പന്നരായ എന്ജിനീയര്‍മാരെ ലജ്ജിപ്പിച്ചു കൊണ്ട് കരിന്തണ്ടന്‍ സാമാന്യ ബുദ്ധി പ്രവർത്തിച്ചു.ഒരു കറുകറുത്ത ഇന്ത്യാക്കാരന്‍ തങ്ങളേക്കാൾ നല്ല വൈഭവം കാഴ്ച വെച്ചത് ബ്രിട്ടീഷ് എന്ജിനീയര്മാര്‍ക്കും കൂടെ വന്ന ശിങ്കിടികളായ നാടന്‍ കറുത്ത സായിപ്പന്മാര്‍ക്കും വല്ലാത്ത ക്ഷീണമായി. തങ്ങള്‍ പരാജയപ്പെട്ട സ്ഥലത്ത് ഒരു നാടന്‍ ആദിവാസി വളരെ നിസ്സാരമായി വിജയിച്ചത് അവരെ നാണം കെടുത്തി. കരിന്തണ്ടനാണ് വഴി മാര്‍ക്ക് ചെയ്തതെന്ന് നാളെ പുറം ലോകം അറിയാതിരിക്കണം എന്നത് അവരുടെ ലക്ഷ്യമായി. അവര്‍ കരിന്തണ്ടനെ വകവരുത്താന്‍ തീരുമാനിച്ചു. എന്നാല്‍ നേര്‍ക്ക്‌ നേരെ കരിന്തണ്ടനോട് എട്ട് മുട്ടാന്‍ ഉള്ള ധൈര്യമവർക്ക് ഇല്ലാതെ പോയി .അതുകൊണ്ട് കരിന്തണ്ടനെ ചതിയില്‍ വക വരുത്താന്‍ സായിപ്പന്മാര്‍ തീരുമാനിച്ചു.

ജോലിയൊക്കെ കഴിഞ്ഞു വൈകുന്നേരം മൃഗങ്ങളെയും കൊണ്ട് കരിന്തണ്ടന്‍ അടിവാരത്തെക്ക് തിരിച്ചു പോകുന്നത് ഒഴിവാക്കാനായി അവരുടെ നീക്കം. കരിന്തണ്ടന്‍ അഴിച്ചു വച്ച ആചാര വള സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം മോഷ്ടിക്കപ്പെട്ടു. വള ഇല്ലാതെ സമുദായാംഗങ്ങളുടെ മുന്നിലേക്ക് പോകാന്‍ പറ്റാത്ത കരിന്തണ്ടന്‍ നഷ്ടപ്പെട്ട വളയും തിരഞ്ഞുകൊണ്ട്‌ കാട്ടില്‍ തന്നെ രാത്രി കഴിച്ചു. രാത്രിയുടെ മറവു പറ്റി ബ്രിടീഷുകാർ കരിന്തണ്ടനെ വെടി വെച്ച് കൊന്നു. ഏറെക്കാലം ഈ ചതി മറച്ചു വെക്കാൻ അകഴിഞ്ഞില്ല . പതുക്കെ പതുക്കെ നാട്ടുകാരായ തൊഴിലാളികളില്‍ നിന്നും ജനം സത്യമറിഞ്ഞു. പക്ഷെ നന്നേ പിന്നോക്കക്കാരായ പണിയ വിഭാഗത്തിനു ഒരു ബ്രിട്ടീഷ്കാർക്കെതിരെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.മറ്റു നാട്ടുകാരും കരിന്തണ്ടനു വേണ്ടി സംസാരിച്ചില്ല.പതുക്കെ പതുക്കെ കരിന്തണ്ടന്‍ വിസ്മൃതിയിലാണ്ടു.

പുരാണങ്ങളും ഐതീഹ്യങ്ങളും നിറഞ്ഞ വയാനാടിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് കരിന്തണ്ടൻ ക്ഷേത്രം. താമരശ്ശേരിചുരത്തിന്റെ അവസാനമായ ലക്കിടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ചങ്ങല ചുറ്റിയ മരമുണ്ട് അവിടെ . ഇടയ്‌ക്കിടെ താമരശ്ശേരി ചുരത്തില്‍ ഉണ്ടാകുന്ന കുന്നിടിച്ചിലുകളും വാഹനാപകടങ്ങളും കരിന്തണ്ടന്‍റെ ആത്മാവ് കോപിച്ചതാണ് എന്നായിരുന്നു ജനങ്ങളുടെ വിശ്വാസം. ലക്കിടിയില്‍ കരിന്തണ്ടന്‍റെ ആത്മാവിനെ ആവാഹിച്ചെന്ന പേരില്‍ ഒരു ചങ്ങലയെ മരത്തില്‍ ബന്ധിച്ചു. ഈ ‘ചങ്ങല മരം’ ഇന്ന് കരിന്തണ്ടൻ ക്ഷേത്രം (കരിന്തണ്ടൻ തറ) എന്ന് അറിയപ്പെടുന്നു . മരം വളരുന്നതിനനുസരിച്ച് ആത്മാവിനെ ബന്ധിച്ച ചങ്ങലയും വളരുന്നു എന്നാണ് വിശ്വാസം.

ആദിത്യ എം പി

(ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിലെ അവസാന സെമസ്റ്റർ ജേർണലിസം വിദ്യാർത്ഥിനി. കണ്ണൂർ സ്വദേശിയാണ്).

 

Share
Leave a Comment