ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തം കൊച്ചിയെയാകമാനം ബാധിക്കാൻ പോകുന്ന വലിയ വിപത്താണെന്ന്് പരിസ്ഥിതി വിദഗ്ധർ. തീപിടിത്തിൽ അന്തരീക്ഷത്തിലേക്ക് വൻതോതിൽ വന്നുചേർന്ന വിഷവാതകമായ ഡയോക്സിൻ വലിയൊരു അളവിൽ പ്രദേശമാകെ പടർന്നു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാറ്റ് പോയിടത്തും വെള്ളം ഒഴുകുന്നിടത്തുമെല്ലാം ഡയോക്സിൻ ഹാനികരമായി മാറുമെന്നും ആണവ മാലിന്യം പോലെ തന്നെ അപകടമാണ് ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തവുമെന്നും പരിസ്ഥിതി വിദഗ്ധർ പറയുന്നു.
സ്ഥിരമായ പാരിസ്ഥിതിക മലിനീകരണ ഘടകങ്ങളായ ഒരു കൂട്ടം രാസ സംയുക്തങ്ങളാണ് ഡയോക്സിനുകൾ. വളരെ വിഷലിപ്തമായ സംയുക്തങ്ങളാണ് ഇവ. ഇപ്പോഴുണ്ടായ തീപിടിത്തിൽ പുറത്തേക്ക് വ്യാപിച്ച ഡയോക്സിനെ ഇനി തിരിച്ചു പിടിക്കാനാവില്ല. അന്തരീക്ഷത്തിൽ എത്രയളവിൽ ഡയോക്സിനുകൾ വ്യാപിച്ചുവെന്ന് അറിയാൻ കഴിയില്ലെന്നും ശാസ്ത്രവിദഗ്ധർ പറയുന്നു. ഡയോക്സിന്റെ പ്രത്യാഘാതം വളരെ വലുതാണ്. കണ്ണെരിച്ചൽ, ശ്വാസതടസം, തൊലിപ്പുറത്തെ ചൊറിച്ചിൽ എന്നിവയാണ് ഡയോക്സിൻ ശ്വസിച്ചാലുണ്ടാകുന്ന സാധാരണ ലക്ഷണങ്ങൾ. ഇത് ശരീരത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഇവ കാൻസർ, ആസ്മ, അലർജി പോലുള്ളവക്കും കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രാസസംയുക്തങ്ങളായ ഡയോക്‌സിനുകൾ ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ അറിയിക്കുന്നു. കുട്ടികളിലെ രോഗപ്രതിരോധ ശേഷി, സ്വാഭാവിക വളർച്ച എന്നിവയേയും ഈ വാതകം ബാധിക്കും. പതിവായി ഡയോക്‌സിനുകൾ കലർന്ന അന്തരീക്ഷത്തിൽ കഴിയുന്നവർക്ക് അർബുദസാധ്യതയും കൂടുതലാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വളർന്ന് വരുന്ന ആൺകുട്ടികളിൽ ഉദ്ധാരണക്കുറവ്, പുരുഷ ഹോർമോണുകളുടെ കുറവ്, ഭ്രൂണത്തെ വഹിക്കാൻ ഗർഭപാത്രത്തിന് ശക്തിയില്ലാതെ ഇരിക്കുക, ക്രമമല്ലാത്ത ആർത്തവ ചക്രം, മുലപ്പാലിന്റെ കുറവ്, ചെറുപ്രായത്തിൽ വരുന്ന സ്തന അണ്ഡാശയ കാൻസർ വന്ധ്യത പ്രശ്‌നങ്ങൾ, എന്നിവയ്‌ക്കും ഡയോക്‌സിനുകൾ കാരണമാകും. ആസ്തമ ഇല്ലാത്ത കുട്ടികൾക്ക് പോലും ബ്രോങ്കൈറ്റിസ് സാധ്യത വർധിപ്പിക്കാൻ ഡയോക്‌സിനുകൾ കാരണമാകും.
2002-ൽ ബ്രഹ്‌മപുരത്ത് നടന്ന തീപിടിത്തിൽ നടത്തിയ പഠനത്തിൽ ഡയോക്സിൻ വലിയൊരു അളവിൽ അന്തരീക്ഷത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്ലാന്റിൽ ബയോമൈനിങ് നടത്തിയിരിക്കണമെന്നത് കേന്ദ്ര നിയമമാണ്. 306 ടൺ മാലിന്യം ദിനംപ്രതി ബ്രഹ്‌മപുരത്ത് എത്തുന്നുണ്ട്. 4.25 ഏക്കറിൽ 5.59 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 2022 മെയ് മാസത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നിൽ 28 ശതമാനം മാലിന്യം സംസ്‌കരിച്ചുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞത്.
പണ്ട് വിയറ്റ്നാം കമ്യൂണിസ്റ്റ് പോരാളികളെ കണ്ടെത്താനായി വനത്തിലെ മരങ്ങളുടെ ഇലകൾ പൊഴിക്കാൻ അമേരിക്കൻ സേന ഡയോക്സിൻ തളിച്ചിരുന്നു. അതിന്റെ പ്രത്യാഘാതം ഇന്നും വിയറ്റ്നാം ജനത നേരിടുന്നുണ്ട്. അമേരിക്കൻ സൈനികരുടെ മേലും ഡയോക്സിൻ പതിച്ചിരുന്നു. അവർക്ക് പിന്നീട് വൈകല്യമുള്ള കുട്ടികൾ ജനിക്കുമ്പോഴാണ് ഡയോക്സിൻ ദുരന്തം തിരിച്ചറിഞ്ഞതെന്നാണ് ശാസ്ത്രവിദഗ്ധർ പറയുന്നത്.
















Comments