വേനൽക്കാലമായതോടെ ഉഷ്ണ തരംഗത്തിൽ വലയുകയാണ് സംസ്ഥാനം. താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ ചില ഇടങ്ങളിൽ ചൂട് കഠിനമാകുമെന്നുണ്ട്. ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് സൂര്യാതപ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
വേനൽക്കാലത്ത് ആരോഗ്യ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ചൂട് കൂടി വരുന്ന നിലവിലെ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാനും പല തരത്തിലുള്ള രോഗങ്ങൾ പിടിപെടാനുമുള്ള സാദ്ധ്യത ഏറെയാണ്. ലളിതമായ ചില പൊടിക്കൈകളിലൂടെ ശരീരത്തിലെ തണുപ്പ് നിലനിർത്താൻ സാധിക്കും.
പ്രധാനമായി ശ്രദ്ധിക്കേണ്ടത് പതിവായി ധാരാളം വെള്ളം കുടിക്കുക എന്നതാണ്.
ദാഹം തോന്നിയില്ലെങ്കിലും ഇടയ്‌ക്കിടെ വെള്ളം കുടിക്കണം. ചൂടു കൂടുമ്പോൾ വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ ശരീരത്തിൽ നിർജ്ജലീകരണം സംഭവിച്ചേക്കാം. ഇത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളൾക്കും കാരണമാകും.
നിങ്ങൾ പുറത്തേക്ക് പോകുമ്പോൾ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. പുറത്തേക്ക് പോകുകയാണെങ്കിൽ, വീതിയേറിയ തൊപ്പി ധരിക്കുകയും , സൺഗ്ലാസ് വെയ്‌ക്കുകയും ചെയ്യുക. സൂര്യപ്രകാശത്തിൽ നിന്നും രക്ഷ നേടാൻ ഇത് സഹായിക്കും. ഇതിന് പുറമെ സൂര്യപ്രകാശത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിനായി സൺസ്ക്രീനുകൾ പുരട്ടാനും മറക്കരുത്. സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക
വേനൽകാലത്ത് വസ്ത്ര ധാരണത്തിലും പ്രത്യേക ശ്രദ്ധ നൽകണം. കഴിവതും ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി വായു സഞ്ചാരം സാധ്യമാകുന്ന അയഞ്ഞതും നേർത്തതുമായ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. ഭാരം കുറഞ്ഞതും ഇളം നിറമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂടിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.
















Comments