ആലപ്പുഴ: എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്‌ക്ക് ആളെ കൂട്ടാൻ സർവ്വ അടവും പുറത്ത് എടുത്ത് സിപിഎം. ജാഥയ്‌ക്ക് എത്തിയില്ലെങ്കിൽ ജോലിയുണ്ടാവില്ലെന്ന കൈനകരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭീഷണി സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കുട്ടനാട്ടെ കായൽ മേഖലയിൽ നെല്ല് ചുമക്കുന്ന തൊഴിലാളികൾക്കാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.
സിഐടിയു അംഗങ്ങളല്ലാത്തവരും ജാഥയ്‌ക്ക് എത്തണം. അല്ലെങ്കിൽ
നാളെ മുതൽ തൊഴിൽ ഉണ്ടാകില്ലെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. ജാഥയ്‌ക്ക് വരുന്നവരുടെ ഹാജർ എടുക്കുമെന്നും ലോക്കൽ സെക്രട്ടറി പറയുന്നു. ഈ മേഖലയിൽ പണിയെടുക്കന്നവരിൽ പകുതിപ്പേരും ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും അംഗങ്ങളല്ല.
കഴിഞ്ഞ ദിവസം ജനകീയ പ്രതിരോധ യാത്രയിലെ പൊതുപരിപാടിക്കിടെ ഇറങ്ങിപോകാൻ തുടങ്ങിയവരോട് തിരികെ ഇരിക്കാൻ ആവശ്യപ്പെട്ട് ശാസിക്കുന്ന എം.വി ഗോവിന്ദന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കോട്ടയം പാമ്പാടിയിയിലായിരുന്നു സംഭവം.
പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് ജീവനക്കാരെയും നിരന്തരം സിപിഎം ഭീഷണിപ്പെടുത്താറുണ്ട്. മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീക്കാർക്ക് പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അംഗത്തിന്റെ ഭീഷണി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്നും നൂറ് രൂപ പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നത്. ആനാട് പഞ്ചായത്ത അംഗം എഎസ് ഷീജയുടെ ശബ്ദസന്ദേശമാണ് പുറത്ത് വന്നിരുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയിൽ പങ്കെടുക്കുന്നതിന് തൊഴിലുറപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നുള്ള വാർത്ത ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൂരിൽ നിന്നും പുറത്തു വന്നത്. തളിപറമ്പിൽ നടന്ന ജാഥയിൽ പങ്കെടുക്കാനായിരുന്നു നിർദ്ദേശം. കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സി. സുചിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശമയച്ചത്.
















Comments