ചെന്നൈ: രാഷ്‌ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ രജനീകാന്ത്. ശനിയാഴ്ച ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാനായി ഒരുങ്ങിയപ്പോൾ അപ്രതീക്ഷിതമായി കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് സംഭവിച്ചു. ആ ഘട്ടത്തിൽ തനിക്ക് ഇമ്യൂണോ സപ്രസന്റ് മരുന്നുകൾ കഴിക്കേണ്ടി വന്നു. ഡോക്ടറോട് താൻ സംസാരിച്ചു. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങണമോ വേണ്ടയോ എന്ന തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. എന്നാൽ ഡോക്ടർ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാം തരംഗം തുടങ്ങിയ സാഹര്യത്തിൽ തനിക്ക് ജനങ്ങളുടെ അടുത്ത് പോയി, ഇടപഴകി പ്രചാരണം നടത്താൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് ദിവസമാണെങ്കിൽ അതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.
തന്നെ ഏറെകാലമായി ചികിത്സിക്കുന്ന പേഴ്‌സണൽ ഡോക്ടർ എന്നുള്ള നിലയ്‌ക്ക് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണങ്ങൾ അദ്ദേഹം തനിക്ക് വിലക്കി. രാഷ്‌ട്രീയത്തിൽ പ്രവേശിച്ചേ തീരൂവെന്നാണെങ്കിൽ ജനങ്ങളിൽ നിന്നും പത്തടി ദൂരം അകലം പാലിക്കുകയും സദാസമയം മാസ്‌ക് ധരിക്കുകയും വേണം. ഈ നിബന്ധന അനുസരിക്കാൻ തയ്യാറാണെങ്കിൽ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിക്കോളൂവെന്ന് ഡോക്ടർ നിർദേശിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി വാഹനത്തിൽ കയറി നിന്നാലും ജനക്കൂട്ടത്തിന് ഇടയിലെത്തിയാൽ അവർ തന്നോട് മാസ്‌ക് മാറ്റാൻ ആവശ്യപ്പെടും. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യുമെന്ന് താൻ തിരിച്ചറിഞ്ഞു. എന്നാൽ ഇത് മനസിൽ കണ്ട് നീങ്ങിയാൽ രാഷ്‌ട്രീയത്തെ താൻ ഭയക്കുന്നു എന്നായിരിക്കും ആളുകൾ പറയുക. അപ്പോൾ തന്റെ പ്രശസ്തിക്ക് കോട്ടം വരില്ലേയെന്ന് ചിന്തിച്ചു.
ഇക്കാര്യങ്ങളെല്ലാം ഡോക്ടറോട് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ വീണ്ടുമുപദേശിച്ചു. മാദ്ധ്യമങ്ങളും ആരാധകരും എന്ത് പറയുമെന്നോർത്ത് വിഷമിക്കേണ്ടെന്നായിരുന്നു ഡോക്ടറുടെ നിർദേശം. കാരണം ആരോഗ്യമെന്നത് തന്റേത് മാത്രമാണ്. താനൊരിക്കലും അതിന് വേണ്ടി കള്ളം പറയുന്നില്ലെന്ന് ഓർക്കണമെന്നും ഡോക്ടർ പറഞ്ഞു. ഇതോടെയാണ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നില്ലെന്ന് താൻ തുറന്നുപറഞ്ഞതെന്ന് രജനീകാന്ത് വ്യക്തമാക്കി.
Comments