ജെയിംസ് കാമറൂൺ ചിത്രം ‘അവതാർ: ദി വേ ഓഫ് വാട്ടർ’ മികച്ച വിഷ്വൽ എഫക്ടിനുള്ള ഓസ്‌കർ സ്വന്തമാക്കി. ജോ ലെറ്റെറി, റിച്ചാർഡ് ബെൻഹാം, എറിക് സൈൻഡൻ, ഡാനിയൽ ബാരറ്റ് എന്നിവരാണ് പ്രേക്ഷകരുടെ മനംകവർന്ന അനിമേഷന് പിന്നിൽ.
അവതാറിന്റെ ആദ്യ ഭാഗത്തിൽ പ്രേക്ഷകർ കണ്ട സംഭവങ്ങൾക്ക് 14 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കാര്യങ്ങളാണ് അവതാർ ദി വേ ഓഫ് വാട്ടറെന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായകനായ ജേക്കും നെയ്റ്റിരിയും ഇപ്പോൾ ഒരു കുടുംബമായി തങ്ങളുടെ മക്കൾക്കൊപ്പം ജീവിക്കുകയാണ്. അതിനിടെ മനുഷ്യരുടെ ഭീഷണി വീണ്ടും പാൻഡോറ ഗ്രഹത്തിലേക്ക് കടന്ന് വരുന്നതും അതിൽ നിന്നുള്ള നേവി വംശജരുടെ ചെറുത്ത് നിൽപ്പുമാണ് അവതാർ ദി വേ ഓഫ് വാട്ടറിലെ പ്രമേയം.
മെറ്റ്‌കൈന ജനവിഭാഗങ്ങളുടെ കടലിനോട് ചേർന്നുള്ള താമസ സ്ഥലം കണ്ണിന് കുളിർമ്മയേകുന്ന ഒട്ടനവധി ദൃശ്യങ്ങളുടെ സഹായത്തോടെ സ്‌ക്രീനിലെത്തിച്ചു. പാൻഡോറയിൽ നമ്മൾ ആദ്യ ഭാഗത്തിൽ കാണാത്ത കൗതുകകരമായ നിരവധി കാഴ്‌ച്ചകളും ഈ രണ്ടാം ഭാഗത്തിൽ ജെയിംസ് കാമറൂൺ ഒരുക്കി വച്ചിട്ടുണ്ട്.
ആദ്യ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാം വർത്തിംഗ്ടൺ, സോ സാൽഡാന, സ്റ്റീഫൻ ലാങ്ങ് എന്നീ അഭിനേതാക്കൾ ഈ ചിത്രത്തിലും തിരികെ എത്തുന്നുണ്ട്. അവതാറിൽ ജേക്കിന്റെയും നെയ്റ്റിരിയുടെയും പ്രണയത്തിനായിരുന്നു പ്രാധാന്യം കൊടുത്തിരുന്നതെങ്കിൽ രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോൾ അവരുടെ മക്കളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.
















Comments