ന്യൂഡൽഹി: ഡൽഹി മന്ത്രി സഭയിലെ മന്ത്രിമാർക്ക് ഒറ്റയടിക്ക് ശമ്പളം വർധിപ്പിച്ച് സർക്കാർ. മന്ത്രിമാർക്കും മറ്റ് നിയമസഭാ അംഗങ്ങൾക്കും 66.67 ശതമാനമാണ് ശമ്പള വർദ്ധനവ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളം 72,000 ആയിരുന്നു. ഇപ്പോൾ 1,70,000 രൂപയായാണ് ഉയർത്തിയത്. മറ്റ് അംഗങ്ങളുടെ പ്രതിമാസ വരുമാനം 54,000 രൂപയിൽ നിന്ന് 90,000 രൂപയായിട്ടാണ് ഉയർത്തിയത്.
സർക്കാരിന്റെ നീതിന്യായ, നിയമനിർമ്മാണകാര്യ വകുപ്പാണ് ശമ്പള പരിഷ്കരണ വിഞ്ജാപനം പുറത്തിറക്കിയത്. നിയമസഭാംഗങ്ങളുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 12,000 രൂപയിൽ നിന്ന് 30,000 രൂപയായിട്ട് വർധിപ്പിച്ചു. ശമ്പള വർധനവ് 2023 ഫെബ്രുവരി 14 മുതലാണ് പ്രാബല്യത്തിൽ വന്നത്.
അതേസമയം, മദ്യനയം ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെയും മറ്റ് മന്ത്രിമാർക്കെതിരെയും ആരോപണങ്ങൾ ഇപ്പോഴും ഉയർന്ന് കൊണ്ടിരിക്കുകയാണ്. പോലീസ് കസ്റ്റഡിയിലായതോടെ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്നും രാജി വെക്കുകയും ചെയ്തു. ഇതിനിടയിലാണ് ശമ്പളം വർധിപ്പിച്ചിരിക്കുന്നത്.
Comments