മുംബൈ: ഉദ്ധവ് താക്കറെയുടെ വിശ്വസ്ഥന്റെ മകൻ ഭൂഷൻ ദേശായ് ഇനി ഏക്‌നാഥ് ഷിൻെഡക്കൊപ്പം. വർഷങ്ങളായി ഉദ്ധവ് താക്കറെയുടെ വിശ്വസ്ഥനായിരുന്നു സുഭാഷ് ദേശായ്. ഇദ്ദേഹത്തിന്റെ മകൻ ഭൂഷൻ ദേശായിയാണ് ഇപ്പോൾ ശിവസേനയിൽ ചേർന്നിരിക്കുന്നത്.
ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾക്ക് ശേഷമാണ് സുഭാഷ് ദേശായിയുടെ സേനയിലേക്കുള്ള വരവ്. വിശ്വസ്തന്റെ മകൻ തന്നെ ചുവട് മാറിയിരിക്കുന്നത് കൊഴിഞ്ഞു പോക്കിൽ പ്രതിസന്ധിയിലായിരിക്കുന്ന ഉദ്ധവ് പക്ഷത്തിന കൂടുതൽ തിരിച്ചടി ആയിരിക്കുകയാണ്.
ഉദ്ധവ് പക്ഷം നേതൃത്വം നൽകിയിരുന്ന മഹാവികാസ് അഘാഡി സഖ്യസർക്കാർ തകർന്നത് ഷിൻഡെ നടത്തിയ രാഷ്‌ട്രീയ നീക്കത്തെ തുടർന്നാണ്. ബാലസാഹേബ് താക്കറെയുടെ ആദർശങ്ങൾക്കൊപ്പം സഞ്ചരിക്കുന്നത് തങ്ങളാണെന്ന് ഉദ്ധവ് വാദിച്ചുവെങ്കിലും ഭൂരിപക്ഷം വരുന്ന ശിവസേനാംഗങ്ങളും ഷിൻഡെ പക്ഷത്തിനൊപ്പമാണ് നിലകൊണ്ടത്. അടുത്തിടെ പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിന് കമ്മീഷൻ അനുവദിച്ചിരുന്നു. തുടർന്ന് ഏകനാഥ് ഷിൻഡെയെ പാർട്ടി അദ്ധ്യക്ഷനായും തിരഞ്ഞെടുത്തിരുന്നു.
Comments