സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പ് പരാതിയിൽ വിജേഷ് പിള്ളക്കെതിരായ കേസിന്‍റെ എഫ് ഐ ആർ പകർപ്പ് ജനം ടിവിയ്‌ക്ക്. വിജേഷ് പിള്ള സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസിന്റെ എഫ് ഐ ആർ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ലൈഫ്മിഷൻ കേസിലെ ഒത്തുതീർപ്പിനായി സ്വപ്ന സുരേഷിനെ കൊലപ്പെടുത്തുമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും, സ്വപ്ന കൊണ്ടു പോകുന്ന ബാഗിൽ ബോംബ് വയ്‌ക്കും, ബാഗിൽ ബോംബ് വച്ച് കള്ളക്കേസിൽ കുടുക്കും എന്നുമാണ് എഫ് ഐ ആറിൽ ചേർത്തിരിക്കുന്നത്. കേസിൽ കർണാടക പൊലീസ് വിശദമായ അന്വേഷണം നടത്തും. ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. സ്വപ്ന സുരേഷിന്റെ പരാതിയിലാണ് നടപടി.
അതേസമയം വിജേഷ് പിള്ളയ്‌ക്കൊപ്പം ഹോട്ടലിൽ മറ്റൊരാൾ കൂടെയുണ്ടായിരുന്നുവെന്ന സ്വപ്‌നയുടെ ആരോപണം നിഷേധിച്ച വിജേഷ് പിള്ളയ്‌ക്കുള്ള തിരിച്ചടിയാണ് എഫ് ഐ ആർ. താൻ തനിച്ചാണ് സ്വപ്നയെ കണ്ടതെന്നും ഹോട്ടലിലെ സിസിടിവി പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും വിജേഷ് പിള്ള പറഞ്ഞിരുന്നു. സ്വപ്‌നയുമൊത്തുള്ള കൂടിക്കാഴ്ചയുടെ മുഴുവൻ വീഡിയോയും പുറത്തുവിടണമെന്നും വിജേഷ് പിള്ള വ്യക്തമാക്കി. ബെംഗളൂരുവിലെ ഹോട്ടലിൽ കഴിഞ്ഞതും ഒറ്റയ്‌ക്കാണെന്നും സ്വപ്‌നയുടെ നീക്കങ്ങൾക്ക് പിന്നിലാണ് അജ്ഞാതന്റെ സാന്നിധ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളയ്‌ക്കെതിരെ കർണാടക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്‌ക്കെതിരെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതീവ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരൻ സമീപിച്ചെന്ന ആരോപണത്തിന് പിന്നാലെ കൂടിക്കാഴ്ചയും വാട്‌സ്ആപ്പ് ചാറ്റിന്റെയും ദൃശ്യങ്ങൾ സ്വപ്‌ന സുരേഷ് പുറത്തുവിട്ടിരുന്നു. വിജയ് പിള്ള എന്ന വ്യക്തിയാണ് തന്നെ സമീപിച്ചതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത് . താൻ വിജേഷ് പിള്ളയാണെന്നും ഒരു വ്യക്തിയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ പേര് മാറുന്നത് എങ്ങനെയാണെന്നുമാണ് വിജേഷ് പിള്ള ആദ്യം നൽകിയ മറുപടി, എന്നാൽ പിന്നീട് സ്വപ്‌ന സുരേഷിനെ കണ്ടതായി സമ്മതിക്കുകയുമായിരുന്നു.
Comments