കൊച്ചി : സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന എഫ് ഐ ആർ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രതി വിജേഷ് പിളള. സ്വപ്നയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസ് നിയമപരമായി നേരിടുമെന്നും ഹാജരാകാൻ തനിക്ക് കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും പ്രതി വിജേഷ് പിളള പറഞ്ഞു.
നോട്ടീസ് കിട്ടിയശേഷം തുടർനടപടി തീരുമാനിക്കുമെന്നാണ് വിജേഷ് പിള്ള പറയുന്നത്. ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്‌ക്കെതിരെ കർണാടക കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പ് പരാതിയിൽ വിജേഷ് പിള്ളക്കെതിരായ കേസിന്‍റെ എഫ് ഐ ആർ പകർപ്പ് ജനം ടിവിയ്‌ക്കാണ് ലഭിച്ചത്. വിജേഷ് പിള്ള സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസിന്റെ എഫ് ഐ ആർ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ലൈഫ്മിഷൻ കേസിലെ ഒത്തുതീർപ്പിനായി സ്വപ്ന സുരേഷിനെ കൊലപ്പെടുത്തുമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും, സ്വപ്ന കൊണ്ടു പോകുന്ന ബാഗിൽ ബോംബ് വയ്‌ക്കും, ബാഗിൽ ബോംബ് വച്ച് കള്ളക്കേസിൽ കുടുക്കും എന്നുമാണ് എഫ് ഐ ആറിൽ ചേർത്തിരിക്കുന്നത്. കേസിൽ കർണാടക പൊലീസ് വിശദമായ അന്വേഷണം നടത്തും. ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. സ്വപ്ന സുരേഷിന്റെ പരാതിയിലാണ് നടപടി.
വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിലെത്തി സ്വപ്നയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്നയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താൻ ഒറ്റയ്‌ക്കാണ് സ്വപ്നയെ കാണാൻ പോയതെന്ന് വിജേഷ് പറയുന്നുണ്ടെങ്കിലും മറ്റൊരാൾ കൂടി ഒപ്പമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ പൊലീസ് അന്വേഷണം നടത്തും. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കും.
Comments