ബെംഗളൂരു: സ്വപ്ന സുരേഷുമായി സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിൽ. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീൽഡ് ഡിസിപി വ്യക്തമാക്കി. സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളയ്‌ക്ക് വാട്സാപ്പ് വഴി സമൻസ് നൽകി. എന്നാൽ അതിനോട് വിജേഷ് പിള്ള ഇത് വരെ പ്രതികരിച്ചിട്ടില്ലെന്ന് കർണാടക പൊലീസ് പറഞ്ഞു.
നിലവിൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്. എത്രയും പെട്ടെന്ന് കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് സമൻസ് നൽകിയതെന്നും വിജേഷ് പിള്ളയെ കണ്ടെത്താൻ ആവശ്യമെങ്കിൽ കേരളാ പോലീസിന്റെ സഹായം തേടുമെന്നും ഡിസിപി എസ് ഗിരീഷ് വ്യക്തമാക്കി. വിജേഷ് പിള്ളയ്‌ക്കെതിരെ ഐപിസി 506 (കുറ്റകരമായ ഭീഷണി) വകുപ്പ് ചുമത്തിയാണ് ബെംഗളുരു കൃഷ്ണരാജ പുര പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പ് പരാതിയിൽ വിജേഷ് പിള്ളക്കെതിരായ കേസിന്‍റെ എഫ് ഐ ആർ പകർപ്പ് ജനം ടിവിയ്‌ക്ക് ലഭിച്ചിരുന്നു. ലൈഫ്മിഷൻ കേസിലെ ഒത്തുതീർപ്പിനായി സ്വപ്ന സുരേഷിനെ കൊലപ്പെടുത്തുമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും, സ്വപ്ന കൊണ്ടു പോകുന്ന ബാഗിൽ ബോംബ് വയ്‌ക്കും, ബാഗിൽ ബോംബ് വച്ച് കള്ളക്കേസിൽ കുടുക്കും എന്നുമാണ് എഫ് ഐ ആറിൽ ചേർത്തിരിക്കുന്നത്. എഫ് ഐ ആർ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രതി വിജേഷ് പിളളയും രംഗത്തെത്തി. സ്വപ്നയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസ് നിയമപരമായി നേരിടുമെന്നും ഹാജരാകാൻ തനിക്ക് കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നുമാണ് പ്രതി വിജേഷ് പിളള പറഞ്ഞത്. കേസിൽ കർണാടക പൊലീസ് വിശദമായ അന്വേഷണം നടത്താനിരിക്കെയാണ് സംഭവം.
Comments