തിരുവനന്തപുരം: മായം ചേർത്ത കാലിത്തീറ്റകൾ കേരളത്തിലേക്ക് കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കാലിത്തീറ്റയിൽ മായം തടയാൻ ബിൽ കൊണ്ടുവന്നുവെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. നിയമം ഉടനടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മായം ചേർത്ത കാലിത്തീറ്റ കാരണം പശുക്കൾ ചത്ത സാഹചര്യത്തിലാണ് തീരുമാനം.
കന്നുകാലികളിലെ ചർമ്മമുഴ രോഗത്തിനുള്ള മരുന്നുകൾ വിതരണം ചെയ്യാനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. ചർമ്മമുഴ വന്ന് ചത്ത പശുക്കളുടെ ഉടമകൾക്ക് നഷ്ടപരിഹാരമായി 30,000 രൂപ നൽകും. പ്രായം കുറഞ്ഞ പശുവിന് 16,000 രൂപയും പശുക്കുട്ടിയ്‌ക്ക് 5,000 രൂപയും നൽകും.
സ്‌കൂളുകളിൽ മിൽമ പാർലറുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പിടിഎയുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. സ്‌കൂളിൽ മയക്കുമരുന്ന് തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഷോപ്പുകൾ തുടങ്ങുക.
Comments