ബെംഗളൂരു: കടുത്ത പാൽ പ്രതിസന്ധിക്കിടയിലും പാലിന് വില കൂട്ടാതെ വിതരണം തുടർന്ന് കർണാടക സർക്കാർ. ഡയറി മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി പാലിന് വില കൂട്ടുന്ന പൊതുവിലുള്ള രീതിയാണ് സർക്കാർ വേണ്ടെന്ന് വച്ചത്. കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ എംആർപിയിൽ മാറ്റം വരുത്താതെ പ്രതിസന്ധിക്ക് പരിഹാരം കാണുകയായിരുന്നു.
ആവശ്യക്കാർ കൂടുതലും ഉത്പന്നം കുറവുമാണെങ്കിൽ സാധാരണയായി സ്വീകരിക്കുന്ന മാർഗം ഉത്പന്നത്തിന് വില കൂട്ടുകയെന്നതാണ്. എന്നാൽ ഇവിടെ മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ചെയ്തത് ഇപ്രകാരമായിരുന്നു. പഴയ വിലയിൽ തന്നെ പാൽ നൽകും. പകരം അളവ് കുറച്ച് പാൽ വിതരണം ചെയ്യുന്നു.
നന്ദിനി എന്ന ബ്രാൻഡിന് കീഴിൽ പുറത്തിറങ്ങുന്ന പാലിന് നേരത്തെ 1,000 മില്ലി ലിറ്ററിന് 50 രൂപയും അര മില്ലി ലിറ്ററിന് 24 രൂപയുമാണ് ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ പാലിന് പ്രതിസന്ധി ഉടലെടുത്തതോടെ 50 രൂപയ്‌ക്ക് 900 മില്ലി ലിറ്റർ പാലും 24 രൂപയ്‌ക്ക് 450 മില്ലി ലിറ്റർ പാലും വിതരണം ചെയ്യുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പാൽ വില ഉയർത്തിയിരുന്നു. ലിറ്ററിന് മൂന്ന് രൂപയാണ് അമുൽ വർദ്ധിപ്പിച്ചത്. പാലുൽപാദനത്തിന്‌റെ ചിലവ് ഉയർന്നതാണ് വില വർദ്ധനയ്‌ക്ക് കാരണമെന്നാണ് നിഗമനം. എന്നാൽ കർണാടകയിൽ പാലിന്റെ ലഭ്യതയിൽ തന്നെ പ്രതിസന്ധി നേരിട്ടതോടെയാണ് വ്യത്യസ്തമായ നീക്കമുണ്ടായത്. പഴയ വിലയ്‌ക്ക് തന്നെ പാൽ നൽകി, പകരം അളവ് കുറച്ച് വിതരണം ചെയ്യുന്നതിലൂടെ, ജനങ്ങൾക്ക് മേൽ ഭാരമേൽപ്പിക്കാതെ പ്രതിസന്ധി സാഹചര്യത്തെ മറികടക്കാനാവുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
















Comments