ന്യൂഡൽഹി: രാഷ്‌ട്ര വിരുദ്ധപരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. രാജ്യത്തെയും ജനങ്ങളെയും രാഹുൽ അപകീർത്തിപ്പെടുത്തുകയാണെങ്കിൽ നിശബ്ദത പാലിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ രാഹുൽ ഗാന്ധി നുണ പറഞ്ഞു. വിദേശത്തു രാജ്യത്തെ മോശമാക്കുന്ന രീതിയിലാണ് രാഹുൽ സംസാരിച്ചത്. ഇതിന് മാപ്പ് പറയണമെന്നും റിജിജു ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി ലോക്സഭയിലെത്തി മാപ്പ് പറയണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടു. കോൺഗ്രസും രാഹുലും രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും തുറന്നടിച്ചു. വിദേശത്ത് കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾ പരാതിയാക്കി അവകാശ സമിതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് ബിജെപി.
അതേസമയം രാഹുൽ ഗാന്ധി വിഷയത്തിൽ ഇന്നും പാർലന്റെിൽ പ്രതിഷേധമുയർന്നു. രാഹുൽ ഗാന്ധി സഭയിൽ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്നാണ് ഭരണപക്ഷ നിലപാട്. നേരത്തെ രാഹുലിനെതിരെ കേന്ദ്ര യുവജനകാര്യകായിക മന്ത്രി അനുരാഗ് ഠാക്കൂറും ലോക്സഭയിൽ പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധി പാർലമെന്റിൽ വന്ന് രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ അപമാനിക്കാൻ ലഭിക്കുന്ന ഒരവസരവും രാഹുൽ ഗാന്ധി പാഴാക്കുന്നില്ല. അദ്ദേഹം പാർലമെന്റിൽ വന്ന് രാജ്യത്തോട് മാപ്പ് പറയണം. തീവ്രവാദ ഫണ്ടിംഗ് കേസുകൾ അന്വേഷിക്കുന്ന സംഘടനകൾ ഇപ്പോൾ കോൺഗ്രസിലെ അഴിമതിയെ കുറിച്ച് പഠനം നടത്തണമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
















Comments