തിരുവനന്തപുരം: ഇടത് നിരീക്ഷകൻ ബി.എൻ ഹസ്കറിന് വക്കീൽ നോട്ടീസ് അയച്ച് സ്വപ്ന സുരേഷ്. ചാനൽ ചർച്ചയിൽ തന്നെ അപമാനിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്ന നോട്ടീസ് അയച്ചിരിക്കുന്നത്. അസംബന്ധപരവും അപകീർത്തിപരവുമായ അഭിപ്രായങ്ങൾ താൻ സഹിക്കില്ല. അതിനെതിരെ പ്രതികരിക്കും. നിന്ദ്യവും അപകീർത്തിപരവുമായ കമന്റുകൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഹസ്കറിനെതിരെ കോടതിയിൽ കേസ് നൽകുമെന്നും സ്വപ്ന തുറന്നടിച്ചു.
‘എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീർത്തിപരവുമായ കമെന്റുകൾ ഞാൻ സഹിക്കാറില്ല. ഞാൻ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും. എനിക്കെതിരെ നിന്ദ്യവും അപകീർത്തിപരവുമായ കമന്റുകൾ പറഞ്ഞ, ടിവിയിൽ സിപിഎമ്മിന്റെ പ്രതിനിധിയായി വരുന്ന ബി.എൻ ഹസ്കറിനെതിരെ ഞാൻ വക്കീൽ നോട്ടീസ് അയച്ചു’.
‘ഒരാഴ്ചക്കുള്ളിൽ കമന്റ് പിൻവലിച്ച് നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ ഞാൻ കോടതിയിൽ കേസ് കൊടുക്കും. ഗോവിന്ദൻ എന്നോട് ചോദിച്ചതു പോലെ എനിക്ക് ഹസ്കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്കറിന് ഒരു കാര്യം ഞാൻ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാൻ വിടാൻ പോകുന്നില്ല. ഇത് രാഷ്‌ട്രീയ പാർട്ടികളിലെ അംഗത്വം എന്ന് വെച്ചാൽ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസൻസ് ആണെന്ന് കരുതുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം’- എന്നാണ് സ്വപ്ന ഫേയ്സ്ബുക്കിൽ കുറിച്ചത്.
Comments