ശരീരത്തിൽ കാത്സ്യം കുറവാണോ? എങ്കിൽ ശ്രദ്ധിക്കുക, ഈ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തും

Published by
Janam Web Desk

നമ്മുടെ എല്ലുകളുടെയും പല്ലുകളുടേയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുകയും അനിവാര്യമായതുമായ ധാതുവാണ് കാത്സ്യം. അസ്ഥികളിൽ 30 മുതൽ 35 ശതമാനം വരെയാണ് കാത്സ്യം അടങ്ങിയിട്ടുള്ളത്. അസ്ഥികളുടെ ഉറപ്പിനും പുനർനിർമ്മാണത്തിനും കാത്സ്യം അത്യാവശ്യ ഘടകമാണ്. ഏതുപ്രായത്തിലുള്ളവർക്കും കാത്സ്യം ഒരുപോലെ ആവശ്യമാണ്. എന്നാൽ ഏറ്റവുമധികം കാത്സ്യം ആവശ്യമായി വേണ്ടിവരിക കുട്ടികളിലും പ്രായമായവരിലുമാണ്. ചെറുപ്രായത്തിൽ അസ്ഥികളുടെ വളർച്ചയ്‌ക്കും ബലത്തിനുമാണ് കാത്സ്യം ആവശ്യമാകുന്നത്, വാർദ്ധക്യത്തിൽ അസ്ഥികൾക്കുണ്ടാകുന്ന തേയ്മാനം പരിഹരിക്കാനാണ് കാത്സ്യം വേണ്ടിവരുന്നത്.

കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, സ്ഥിരമായ നടുവേദന തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകൾ-ആർത്തവ വിരാമം വന്നവർ, ആർത്തവം കൃത്യമായി സംഭവിക്കാത്തവർ, ഫീമെയിൽ അത്ലറ്റിക് ട്രയാഡ് ഉള്ളവർ, ആർത്തവ വൈകല്യങ്ങൾ, അസ്ഥിസാന്ദ്രത കുറയൽ, ഭക്ഷണം കഴിക്കുന്നതിലുള്ള അപാകങ്ങൾ എന്നിവയുള്ളവർക്ക് കാത്സ്യം കുറയുന്നതായി കാണാം. ചെറുപ്രായക്കാരിലും വാർദ്ധക്യത്തിലെത്തിയവരിലും കുറയുന്നതായി കാണപ്പെടാറുണ്ട്. വാർദ്ധക്യമുള്ളവരിൽ പൊതുവേ ഭക്ഷണത്തോടുള്ള പ്രിയം കുറയുന്നതിനാൽ കലോറി കുറയും. അതിനാൽ ലഭിക്കുന്ന കാത്സ്യത്തിന്റെ അളവും കുറയുന്നു. കുടലിൽ കാത്സ്യത്തിന്റെ ആഗിരണവും കുറവായിരിക്കും.

ശരീരത്തിൽ കാത്സ്യം കുറയുന്നതു കൊണ്ടുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ

1.പൂർണ വളർച്ചയെത്തുന്നതിന് മുൻപ് എല്ലുകൾക്കുണ്ടാകുന്ന ബലക്ഷയം
2.കാത്സ്യം കുറയുന്നത് കൊണ്ടുണ്ടാകുന്ന പിള്ളവാതം
3.കുട്ടികളിലും യുവാക്കളിലും അസ്ഥികൾക്കുണ്ടാവുന്ന ഭാരക്കുറവ്
4.കാത്സ്യം കുറയുന്നതുകൊണ്ട് വിറ്റാമിൻ ഡിയിൽ ഉണ്ടാകുന്ന കുറവ്
5.ആർത്തവ വിരാമം മൂലവും വാർദ്ധക്യസഹജമായും ഉണ്ടാകുന്ന അസ്ഥിക്ഷയം

അതേസമയം പാലിൽ നിന്നും മറ്റ് പാൽ ഉൽപന്നങ്ങളിൽ നിന്നുമാണ് കാത്സ്യം പ്രധാനമായും ലഭിക്കുന്നത്. ധാതുക്കളും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും കാത്സ്യവും ധാരാളമടങ്ങിയതാണ് ചിയ സീഡ്സ്. അതിനാൽ ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കാൻ ചിയ വിത്തുകൾ പതിവായി കഴിക്കാം. നിരവധി പോഷകങ്ങൾ അടങ്ങിയ ഒന്നാണ് സോയാബീൻസ്. കൂടാതെ ശരീരത്തിന് കാത്സ്യം നൽകുന്ന ഒരു ആഹാരമാണ് സോയാബീൻസ്. 100 ഗ്രാം സോയാബീൻസിൽ നിന്നും 27ശതമാനത്തോളം കാത്സ്യം ലഭിക്കുന്നു. സോയാബീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാൽ ചീര, ബ്രൊക്കോളി, മുരിങ്ങ തുടങ്ങിയവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നല്ല അളവിൽ കാത്സ്യം ലഭിക്കുന്ന പാൽ ഇതര വിഭവങ്ങളിൽ ഒന്നാണ് റാഗി. വിറ്റാമിൻ ഡിയും മറ്റ് പോഷകങ്ങളും അടങ്ങിയ റാഗി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും സഹായിക്കും. ബദാം പോലുളള നട്ട്‌സിൽ കാത്സ്യമുൾപ്പടെയുള്ള ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Share
Leave a Comment