അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ച എംഎസ് ധോണി ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മാത്രമാണ് കളിക്കുന്നത്. ഐപിഎല്ലിൽ നിന്നുള്ള ധോണിയുടെ വിരമിക്കൽ സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താരം ഇത്തരം വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഐപിഎല്ലിന്റെ പതിനാറാം സീസൺ ഈ മാസം അവസാനം ആരംഭിക്കും. കളിഞ്ഞ സീസൺ അവസാനിച്ചപ്പോഴും പുതിയ സീസണിന് മുന്നോടിയായുള്ള വാർത്തകൾ പുറത്ത് വന്ന സമയത്തും ധോണിയുടെ വിരമിക്കൽ വാർത്ത പ്രതീക്ഷിച്ചിരുന്നു. പുതിയ സീസണിനായി ധോണി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഒരിക്കൽ കൂടി ധോണി കളിക്കാൻ ഇറങ്ങുന്നതിന്റെ ആഹ്ലാദ ലഹരിയിലാണ് ആരാധകർ. ഈ സീസണിലും ധോണിതന്നെ ആയിരിക്കും ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത്.
ഇപ്പോൾ ധോണിയുടെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് അടുത്ത സുഹൃത്തും മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ സുരേഷ് റെയ്‌ന. അടുത്ത വർഷവും ധോണി ടൂർണമെന്റിൽ കളിച്ചേക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് റെയ്ന പറഞ്ഞു. വരും വർഷവും ധോണി ടീമിനൊപ്പമുണ്ടാവണെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആഗ്രഹം എന്താണെന്നുള്ളതും അറിയേണ്ടതുണ്ട്. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നു, ബോഡി ഫിറ്റാണെന്നും തോന്നുന്നു. ഈ സീസണിൽ അദ്ദേഹം എങ്ങനെ ബാറ്റ് ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും വരും സീസണിലെ കാര്യങ്ങൾ. ധോണിക്കൊപ്പം അമ്പാട്ടി റായുഡുവിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. കാരണം, കഴിഞ്ഞ ഒരു വർഷമായി അവർ ക്രിക്കറ്റ് കളിച്ചിട്ടില്ല. മികച്ച താരങ്ങൾ ചെന്നൈ നിരയിലുണ്ട്. റിതുരാജ് ഗെയ്കവാദ്, ഡെവോൺ കോൺവെ, രവീന്ദ്ര ജഡേജ, ബെൻ സ്റ്റോക്‌സ്, ദീപക് ചാഹർ എന്നിവർ ചെന്നൈ നിരയിലുണ്ട്. ധോണി എങ്ങനെ കളിക്കുന്നുവെന്ന് നമുക്ക് കാണാം. എന്നായിരുന്നു റെയ്‌നയുടെ പ്രതികരണം.
















Comments