ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്‌ക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസ് പാർട്ടി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും രാഹുൽ രാഷ്ട്രവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമായി മാറിയെന്നും ജെ.പി നദ്ദ ആരോപിച്ചു. രാഹുൽ ഗാന്ധി ഇപ്പോൾ സ്ഥിരമായി രാഷ്‌ട്രവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമാണ്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യത്തോട് ഇടപെടാൻ അപേക്ഷിക്കുമ്പോൾ രാഹുലെന്താണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയും ഇവിടെ ജി20 മീറ്റിംഗുകൾ നടക്കുകയും ചെയ്യുന്ന സമയത്ത് രാഹുൽ ഗാന്ധി വിദേശരാജ്യത്ത് ഇന്ത്യയെയും പാർലമെന്റിനെയും അപമാനിക്കുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തുമ്പോൾ ഇന്ത്യൻ ജനാധിപത്യം സമ്മർദ്ദത്തിലാണെന്നും ആക്രമണത്തിനിരയായെന്നും തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയിലും രാഹുൽ രാജ്യവിരുദ്ധ പ്രസംഗങ്ങൾ നടത്തിയിരുന്നു. രാജ്യത്ത് ലൈംഗീക അതിക്രമങ്ങൾ നടക്കുന്നെന്നും രാജ്യം പ്രതിസന്ധിയിലാണെന്നും രാഹുൽ പറഞ്ഞിരുന്നു. തുടർച്ചയായി രാഹുൽ ഇന്ത്യവിരുദ്ധ പ്രസംഗങ്ങൾ നടത്തുകയാണെന്നും ഇതിന് രാഹുൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി പാർലമെന്റിനകത്തും പുറത്തുമായി പ്രതിഷേധം കടുപ്പിക്കുന്നത്.
















Comments