ദിസ്പൂർ: സംസ്ഥാനത്തെ മദ്രസകൾക്കെതിരെയുള്ള നടപടികൾ ശക്തമായി തുടരുമെന്നറിയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസകൾക്ക് പകരം കൂടുതൽ സ്‌കൂളുകളും കോളേജുകളും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളും കോളേജുകളും വഴി ആരോഗ്യപരമായ വിദ്യാഭ്യാസം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും അത് ഉറപ്പാക്കുന്നതിനായി കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
2023 ജനുവരിയിലെ കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 300-ഓളം മദ്രസകൾ നിലവിലുണ്ട്. 600-ഓളം മദ്രസകൾ ഇതുവരെ പൂട്ടിയിട്ടുണ്ട്. അസമിലെ മദ്രസകളുടെ എണ്ണം കുറച്ച് വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ പദ്ദതിയുടെ ഭാഗമാക്കാനുള്ള നിയമം 2022-ൽ അസം സർക്കാർ പാസാക്കിയിരുന്നു. ഇതിന്റെ ആദ്യഘട്ടത്തിൽ മദ്രസകളെ പരസ്പരം ലയിപ്പിക്കുമെന്നും പ്രവർത്തിക്കുന്നവയ്‌ക്ക് ലൈസൻസ് ഉറപ്പാക്കുമെന്നും ഹിമന്ത ബിശ്വ ശർമ അറിയിച്ചിരുന്നു.
50-ൽ താഴെ മാത്രം വിദ്യാർത്ഥികളുള്ള മദ്രസയെ മറ്റൊരു വലിയ മദ്രസയിൽ ലയിപ്പിക്കും. മൂന്ന് കിലോമീറ്റർ പരിധിയിൽ ഒരു മദ്രസ മാത്രം പ്രവർത്തിക്കുന്ന രീതിയിലേക്ക് എണ്ണം ചുരുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിലെ ഭീകര സംഘടനകളുമായി ബന്ധമുള്ള മദ്രസകൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു.
















Comments