ക്രിക്കറ്റ് മത്സരത്തിരിനിടെ പന്ത് തിളങ്ങാൻ ഉമിനീർ പുരട്ടുന്ന രീതി നിരോധിച്ച ഐസിസി (അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ) തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു ക്രിക്കറ്റ് കൗൺസിൽ നിരോധനം ഏർപ്പെടുത്തിയത്.
മാത്രമവുമല്ല, നിരോധനം ലംഘിച്ചാൽ എതിർടീമിന് അഞ്ച് റൺസ് പെനാൽട്ടിയായി ലഭിക്കുമെന്നും ഐസിസി അറിയിച്ചിരുന്നു. 2022 നവംബറിൽ നേപ്പാളും യുഎഇയും തമ്മിൽ നടന്ന മത്സരത്തിനിടെ നിരോധനം ലംഘിച്ച സംഭവമുണ്ടായി. യുഎഇയുടെ അലിഷാൻ ഷഫറു പന്തിൽ ഉമിനീർ പുരട്ടിയതോടെ നേപ്പാളിന് പെനാൽട്ടി റൺസ് ലഭിച്ചു.
നിലവിൽ നിരോധനം തുടരുന്ന പശ്ചാത്തലത്തിലാണ് സച്ചിൻ ടെൻഡുൽക്കർ പ്രതികരണമറിയിച്ചത്. പന്തിൽ ഉമിനീർ പുരട്ടുന്ന രീതി തിരിച്ചുവരണമെന്നാണ് സച്ചിന്റെ നിലപാട്. താനൊരു മെഡിക്കൽ എക്‌സ്‌പേർട്ട് അല്ല. പക്ഷെ ഉമിനീർ പുരട്ടൽ നിരോധനം അവസാനിപ്പിക്കണം. ഏകദേശം നൂറ് കൊല്ലത്തോളം തുടർന്ന് വന്നിരുന്ന രീതിയാണത്. എന്നിട്ട് മോശമായി ഒന്നും സംഭവിച്ചിരുന്നില്ല. 2020ൽ ഉമിനീർ പുരട്ടുന്നത് നിരോധിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാലിപ്പോൾ നാം ആ ഘട്ടം കടന്നുപോന്നു. അതുകൊണ്ട് നിരോധനം മാറ്റുന്നതിനെക്കുറിച്ച് ഐസിസി പുനഃപരിശോധിക്കണം.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ തികച്ച ഒരേയൊരു ബാറ്ററാണ് ടെൻഡുൽക്കർ. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി എത്തിയ അദ്ദേഹം പന്തിന് തിളക്കം വെപ്പിക്കാൻ ഉമിനീരും വിയർപ്പും പുരട്ടുന്ന സംഭവത്തിൽ പ്രതികരണമറിയിക്കുകയായിരുന്നു.
















Comments