തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിക്കുമ്പോൾ കുപ്പിവെള്ള വിൽപ്പനയിലും വർദ്ധനവ്. വേനൽ കാലത്ത് മാത്രം 80 കോടിയോളം രൂപയുടെ ബിസിനസാണ് കുപ്പിവെള്ള വിൽപ്പനയിൽ നടക്കാറുള്ളത്. എന്നാൽ കഴിഞ്ഞ വർഷം വേനൽ മഴ നേരത്തെ എത്തിയതിനാൽ വിപണിയിൽ മികച്ചു നിൽക്കാൻ കുപ്പിവെള്ളത്തിനായില്ല. വേനൽ തുടക്കത്തിൽ തന്നെ കഴിഞ്ഞ വർഷത്തെക്കാൾ 35 ശതമാനം വർദ്ധനയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.
ഒരു വർഷം കേരളത്തിൽ ശരാശരി 200 കോടിയുടെ കുപ്പിവെള്ളമാണ് വിൽക്കുന്നത്. ഇതിന്റെ 40 ശതമാനവും നടക്കുന്നത് വേനൽക്കാലത്താണ്. അര ലിറ്റർ മുതൽ അഞ്ച് ലിറ്റർ വരെയുള്ള കുപ്പിവെള്ളങ്ങൾ സംസ്ഥാന വിപണിയിൽ ലഭ്യമാണ്. എന്നാൽ മാർക്കറ്റിൽ ഡിമാന്റ് കൂടുതൽ 20 രൂപ നിരക്കിൽ വിൽക്കുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിനാണ്. അരലിറ്ററിന്റെ ചെറിയകുപ്പികൾക്ക് ഡിമാന്റ് ആഘോഷങ്ങളിലും പൊതുപരിപാടികളിലും ആണ്.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 20 ലിറ്റർ വെള്ളത്തിന്റെ ജാറിന് ആവശ്യക്കാർ കൂടുതലാണ്. 50 മുതൽ 80 വരെയാണ് ഒരു ജാർവെള്ളത്തിന്റെ നിരക്ക്. ഇത് കൂടാതെ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും വീട്ടാവശ്യത്തിന് ഉൾപ്പടെ ഇത്തരം ജാറ് വെള്ളമാണ് ഉപയോഗിക്കുന്നത്.
എന്നാൽ കേരളത്തിലെ കുപ്പിവെള്ള വിപണിയുടെ 40 ശതമാനവും കൈയ്യടക്കിയിരിക്കുന്നത് ബഹുരാഷ്‌ട്ര കമ്പനികളാണ്. സീസണുകൾ മുന്നിൽക്കണ്ട് കമ്പനികൾ നേരത്തേ തന്നെ സ്റ്റോക്ക് എത്തിക്കും. കേരളത്തിലെ കമ്പനികൾ വർഷത്തിൽ ഒന്നര ലക്ഷം കുപ്പിവെള്ളം വിൽക്കുന്നുണ്ട്. അതേസമയം ബഹുരാഷ്‌ട്ര കമ്പനികളും ഒരു ലക്ഷത്തോളം കുപ്പിവെളളം വിൽക്കുന്നുണ്ടെന്നാണ് കണക്കുകൾ. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കുപ്പിവെള്ളവും കേരള വിപണിയിൽ സജീവമാണ്. എന്നാൽ ഇവയ്‌ക്ക് ഗുണനിലവാരം കുറവാണെന്നാണ് പൊതുവെ ആരോപണം.
















Comments